നേര്‍കൊണ്ട പാര്‍വൈക്കു ശേഷം അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന ചിത്രമാണ് തല60. നേര്‍കൊണ്ട പാര്‍വൈയുടെ നിര്‍മാതാവായ ബോണി കപൂര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് ബോണി കപൂര്‍ ട്വീറ്റ്  ചെയ്തു. 

ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നതെന്നാണ് വിവരം. ചിത്രത്തില്‍ താരത്തിനായി റേസിംഗ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2016ൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് നേര്‍കൊണ്ട പാര്‍വൈ. 'പിങ്കി'ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം. ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.