അജിത്ത് നായകനാകുന്ന വിഡാമുയര്‍ച്ചിയുടെ കലാ സംവിധായകൻ മിലൻ അസെര്‍ബെയ്‍ജാനില്‍ ലൊക്കേഷനില്‍ അന്തരിച്ചു. 

അജിത്ത് നായകനാകുന്ന വിഡാമുയര്‍ച്ചിയുടെ കലാ സംവിധായകൻ മിലൻ അന്തരിച്ചു. ഹൃദയാഘാതമാണ് മിലന്റെ മരണ കാരണം. അസെര്‍ബെയ്‍ജാനില്‍ വിഡാമുയര്‍ച്ചിയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് മരണം സംഭവിച്ചത് എന്നതിന്റെ നടുക്കത്തിലാണ് എല്ലാവരും. അസെര്‍ബെയ്‍ജാനില്‍ നിന്ന് എപ്പോഴായിരിക്കും മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുക എന്നത് വ്യക്തമായിട്ടില്ല.

അജിത്തിന്റെ ബില്ല, വീരം, വേതാളം തുടങ്ങി ഒട്ടേറെ വമ്പൻ ഹിറ്റുകളുടെ കലാ സംവിധായകനായ മിലന്റെ മരണത്തില്‍ സഹപ്രവര്‍ത്തകര്‍ അനുശോചിച്ചു. വിജയ് നായകനായ വേലായുധത്തിന്റെ കലാ സംവിധായകനുമായിരുന്നു മിലൻ. മഗിഴ് തിരുമേനിയാണ് വിഡാമുയര്‍ച്ചിയുടെ സംവിധാനം. ലൈക്ക പ്രൊഡക്ഷൻസാണ് നിര്‍മാണം.

തുനിവാണ് അജിത്ത് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. എച്ച് വിനോദാണ് തുനിവ് തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. മഞ്‍ജു വാര്യരാണ് അജിത്ത് നായകനായ ചിത്രമായ തുനിവില്‍ നായികയായത്. ബോണി കപൂറാണ് നിര്‍മാണം. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. അജിത്തും മഞ്‍ജു വാര്യരും ഒന്നിച്ച ചിത്രത്തില്‍ സമുദ്രക്കനി, ജോണ്‍ കൊക്കെൻ, അജയ് കുമാര്‍, വീര, ജി എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശൻ, ഭഗവതി പെരുമാള്‍, ചിരാഗ ജനി, സിജോയ് വര്‍ഗീസ് തുടങ്ങിയവരും വേഷമിട്ടു.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ പുതിയ ഒരു ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ടം' എന്ന ഹിറ്റ് സംവിധായകനാണ് ശ്രീ ഗണേഷ്.

Read More: തെന്നിന്ത്യയില്‍ ഒന്നാമത് ഏത് നായിക?, താരങ്ങളുടെ പട്ടിക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക