മലയാളം യുട്യൂബേഴ്‍സില്‍ ഏറ്റവും ആരാധകരുള്ള കലാകാരന്മാരില്‍ ഒരാളാണ് കാര്‍ത്തിക് ശങ്കര്‍. എട്ടുലക്ഷത്തിലേറെ സബ്സ്‍ക്രൈബേഴ്‍സ് ഉള്ള കാര്‍ത്തിക്കിന്‍റെ യുട്യൂബ് ചാനല്‍ വഴിയെത്തിയ ലോക്ക് ഡൗണ്‍ സിരീസ് വലിയ തോതിലുള്ള പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ കാര്‍ത്തിക്കിന്‍റെ ഏറ്റവും പുതിയ വീഡിയോ അവതരിപ്പിക്കുന്നത് സിനിമയിലെ ശ്രദ്ധേയ മുഖങ്ങളാണ്. അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും പങ്കാളിത്തമുള്ള ഫണ്‍ടാസ്റ്റിക് ഫിലിംസ് ആണ് കാര്‍ത്തിക് ശങ്കറിന്‍റെ ലോക്ക് ഡൗണ്‍ സിരീസ് ഒന്‍പതാം ഭാഗം നിര്‍മ്മിക്കുന്നതും അവതരിപ്പിക്കുന്നതും.

ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ യുട്യൂബ് ചാനലിലൂടെയാവും സിരീസിന്‍റെ ഒന്‍പതാം എപ്പിസോഡ് പുറത്തെത്തുക. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെക്കൂടാതെ വിശാഖ് സുബ്രഹ്മണ്യവും കൂടി ചേര്‍ന്ന് തുടങ്ങിയ നിര്‍മ്മാണ, വിതരണ കമ്പനിയാണ് ഫണ്‍ടാസ്റ്റിക് ഫിലിംസ്. ലവ് ആക്ഷന്‍ ഡ്രാമയാണ് ഇവര്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. പിന്നാലെ ഗൗതമന്‍റെ രഥം, ഹെലന്‍ എന്നീ സിനിമകള്‍ വിതരണം ചെയ്യുകയും ചെയ്‍തു. അജു വര്‍ഗീസ് സഹ രചയിതാവാകുന്ന സാജന്‍ ബേക്കറിയാണ് ഈ കമ്പനി പുതുതായി നിര്‍മ്മിക്കുന്ന ചിത്രം.