മലയാള വെള്ളിത്തിരയിലേക്ക് ദക്ഷിണേന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര മടങ്ങിയെത്തിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നിവിന്‍പോളി നായകനായെത്തിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അജു വര്‍ഗീസാണ്. ധ്യാന്‍ ശ്രീനിവാസന്‍ അണിയിച്ചൊരുക്കിയ സിനിമ തീയറ്ററുകളിലെത്തിയതിന് പിന്നാലെ രസകരമായൊരു ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് അജു.

നയന്‍താര രണ്ട് ചെക്കുകളുമായി നില്‍ക്കുന്ന ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പാണ് ശ്രദ്ധേയം. മിസ്റ്റര്‍ പ്രൊഡ്യൂസര്‍ എന്താണിത്, നിങ്ങള്‍ തന്ന രണ്ട് ചെക്കും ബൗണ്‍സ് എന്ന കുറിപ്പോടെയാണ് അജു ചിത്രം പങ്കുവച്ചിരിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമ തീയറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പാണ് നയന്‍താര രണ്ട് ചെക്കുകളുമായി നില്‍ക്കുന്ന ചിത്രം അജു ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. പ്രിയ താരത്തിന് പണം നല്‍കിയില്ലേയെന്ന ചോദ്യവുമായി ആരാധകരും കളം നിറഞ്ഞിട്ടുണ്ട്. എന്തായാലും രസകരമായ ചിത്രത്തിന്‍റെ പിന്നിലെ വിശേഷവുമായി അജു വര്‍ഗീസ് തന്നെ രംഗത്തെത്തുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര പ്രേമികള്‍.

 

നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലവ് ആക്ഷന്‍ ഡ്രാമ'യാണ് ഓണച്ചിത്രങ്ങളില്‍ ആദ്യമെത്തിയത്. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത വടക്കു നോക്കി യന്ത്രത്തിലെ കഥാപാത്രങ്ങളായ ദിനേശനും ശോഭയും, പേരിലൂടെ പുനരവതരിക്കുകയാണ് ചിത്രത്തില്‍.

നിവിന്‍ പോളി തളത്തില്‍ ദിനേശന്‍ ആകുമ്പോള്‍ ശോഭയായാണ് നയന്‍ താര ചിത്രത്തിലെത്തുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭഗത് മാനുവല്‍, ജൂഡ് ആന്റണി, ഹരികൃഷ്ണന്‍, ദീപക് പറമ്പേല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഗാനവും ഇതിനോടകം തരംഗമായി കഴിഞ്ഞു.