മോഹൻലാല്‍ നായകനാകുന്ന ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിലെ ഒരു വിശേഷമാണ് ഒപ്പം അഭിനയിക്കുന്ന അജു വര്‍ഗീസ് പങ്കുവയ്‍ക്കാനുള്ളത്. മോഹൻലാല്‍ ആരാധകരെ കാണാനും ഓരോരുത്തരുടെയും കൂടെ ഫോട്ടോ എടുക്കാൻ തയ്യാറാകുന്നതിനെ കുറിച്ചാണ് അജുവിന് പറയാനുള്ളത്. എത്ര തിരക്കുണ്ടെങ്കിലും ഓരോ ആരാധകനൊപ്പവും സന്തോഷത്തോടെ ഫോട്ടോ എടുക്കാനും തയ്യാറാകുന്ന മോഹൻലാല്‍ മാന്ത്രികനാണെന്ന് അജു വര്‍ഗീസ് പറയുന്നു. മോഹൻലാലിന്റെ  ഒപ്പം ആരാധകര്‍ ഫോട്ടോ എടുക്കുന്നതിന്റെ ഒരു വീഡിയോയും അജു വര്‍ഗീസ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

അജു വര്‍ഗീസിന്റെ വാക്കുകള്‍

ഒരുപാട് ഫോണ്‍ വിളികളും, മീറ്റിങ്ങുകളും, ഷൂട്ടിംഗും, യാത്രകളും.. അങ്ങനെ കുറെ തിരക്കുകളിലേക്കാണ് കുറെ വര്‍ഷങ്ങളായി അദ്ദേഹം ഉറക്കമുണരുന്നത്. പക്ഷേ എന്നിട്ടും ആരാധകരെ കാണാനും അവര്‍ ഓരോരുത്തരുടെയും കൂടെ ഫോട്ടോ എടുത്ത് അവരെ സന്തോഷിപ്പിക്കാനും സമയം കണ്ടെത്തുന്നത് അത്ഭുതമാണ്. വളരെ ശാന്തതയോടെ മുഖത്തെ പുഞ്ചിരി മായാതെയാണ് ഇതൊക്കെ. ഇത് ശരിക്കും ഒരു ഇന്ദ്രജാലമാണ്. അദ്ദേഹത്തെ ഞാൻ  വിളിക്കുക മാന്ത്രികൻ എന്നുതന്നെയാണ്.  അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുക്കാൻ വരുന്നതിന്റെ, ഞാൻ എടുത്ത ടൈം ലാപ്‍സ് വീഡിയോ ആണ് ഇത്.. 35 പേരെ എടുത്തപ്പോള്‍ ഞാൻ നിര്‍ത്തി. ഏകദേശം 350ലധികം പേര്‍ ഇങ്ങനെ വന്നു ഫോട്ടോ എടുത്തുപോയിട്ടുണ്ടാകും.