കൊറിയൻ വിനോദലോകത്തെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല. 2026-ന്റെ തുടക്കത്തിൽ റിലീസ് ചെയ്ത കെ-ഡ്രാമകൾക്ക് ലഭിച്ച വൻ സ്വീകാര്യതയ്ക്ക് പിന്നാലെ, ഈ വസന്തകാലത്ത ആവേശത്തിലാഴ്ത്താൻ ഒരുപിടി വമ്പൻ ചിത്രങ്ങളാണ് മാർച്ചിൽ അണിനിരക്കുന്നത്.

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ കീഴടക്കിയ കൊറിയൻ തരംഗം 2026-ലും കരുത്തോടെ മുന്നേറുകയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ റിലീസ് ചെയ്ത 'ബ്ലഡി ഫ്ലവർ', 'ദ ജഡ്ജ് റിട്ടേൺസ്' തുടങ്ങിയ സീരീസുകൾക്ക് പിന്നാലെ, മാർച്ചിലും ആവേശം ഒട്ടും ചോരാതെ ഒരുപിടി മികച്ച കെ-ഡ്രാമകൾ റിലീസിന് ഒരുങ്ങുകയാണ്. പാർക്ക് മിൻ യങ്, ജിസൂ, ജൂ ജി ഹൂൺ തുടങ്ങിയ പ്രിയപ്പെട്ട താരങ്ങളുടെ തിരിച്ചുവരവാണ് ഈ മാസത്തെ പ്രത്യേകത.

മാർച്ച് മാസത്തിൽ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി എത്തുന്ന പ്രധാന 6 കൊറിയൻ സീരീസുകൾ നോക്കാം;

1. സൈറൺസ് കിസ്

റിലീസ്: മാർച്ച് 2 | ആമസോൺ പ്രൈം വീഡിയോ

പാർക്ക് മിൻ-യങ്ങും വി ഹാ ജൂണും ഒന്നിക്കുന്ന സൈക്കോളജിക്കൽ റൊമാൻസ് ത്രില്ലറാണ് 'സൈറൺസ് കിസ്'. ഇൻഷുറൻസ് തട്ടിപ്പ് അന്വേഷിക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്ററെയും, തന്റെ ചുറ്റുമുള്ള പുരുഷന്മാരുടെ ദുരൂഹ മരണങ്ങളാൽ സംശയിക്കപ്പെടുന്ന ഒരു ആർട്ട് ഓക്ഷനറെയും കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. പ്രണയവും സംശയവും ഒരേപോലെ ഇഴചേരുന്ന ഈ സീരീസ് ഒരു മിസ്റ്ററി ത്രില്ലർ പ്രേമികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

2. ബോയ്ഫ്രണ്ട് ഓൺ ഡിമാൻഡ്

റിലീസ്: മാർച്ച് 6 | നെറ്റ്ഫ്ലിക്സ്

ബ്ലാക്ക് പിങ്ക് താരം ജിസൂവും സിയോ ഇൻ-ഗുക്കും ഒന്നിക്കുന്ന ഈ സീരീസ് ഒരു റൊമാന്റിക് കോമഡി ഫാന്റസിയാണ്. ജോലിഭാരം കൊണ്ട് തളർന്ന ഒരു വെബ്തൂൺ പ്രൊഡ്യൂസർ, തന്റെ ഏകാന്തത മാറ്റാനായി ഒരു 'വെർച്വൽ ബോയ്ഫ്രണ്ട്' സർവീസ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. വെർച്വൽ ലോകത്തെ പ്രണയവും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷം രസകരമായി ഇതിൽ അവതരിപ്പിക്കുന്നു.

3. ഷൈനിംഗ്

റിലീസ്: മാർച്ച് 6 | നെറ്റ്ഫ്ലിക്സ്

പാർക്ക് ജിൻ ജൂ, കിം മിൻ ജുവും അഭിനയിച്ച ഈ ഇമോഷണൽ ഡ്രാമ, യൗവനത്തിലെ പ്രണയത്തെയും സ്വപ്നങ്ങളെയും കുറിച്ചാണ് സംസാരിക്കുന്നത്. 19-ാം വയസ്സിൽ പ്രണയിച്ചു പിരിഞ്ഞ രണ്ട് വ്യക്തികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് 'ഷൈനിംഗ്' എന്ന സീരീസ് പറയുന്നത്. നഷ്ടപ്പെട്ട പ്രണയവും ജീവിതത്തിലെ പുതിയ പ്രതീക്ഷകളും ഈ കഥയെ വൈകാരികമാക്കുന്നു.

4. ഫാന്റം ലോയർ

റിലീസ്: മാർച്ച് 13 | വിക്കി

യൂ യോൺ-സോക്ക്, ഇസോം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ലീഗൽ മിസ്റ്ററി ത്രില്ലറാണിത്. ആരും ഏറ്റെടുക്കാൻ മടിക്കുന്ന സങ്കീർണ്ണമായ കേസുകൾ പരിഹരിക്കുന്ന ഒരു അസാധാരണ വക്കീലിന്റെ കഥയാണ് ഇത്. തന്റെ നിഗൂഢമായ ഭൂതകാലത്തെ മറികടന്ന് ഉന്നതശ്രേണിയിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അദ്ദേഹം നടത്തുന്ന പോരാട്ടമാണ് സീരീസിന്റെ ഉള്ളടക്കം.

5. മാഡ് കോൺക്രീറ്റ് ഡ്രീംസ്

റിലീസ്: മാർച്ച് 14 | ഉടൻ പ്രഖ്യാപിക്കും

ഹാ ജംഗ്-വൂ, ഇം സൂ-ജംഗ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന ഡാർക്ക് ക്രൈം ഡ്രാമയാണ് 'മാഡ് കോൺക്രീറ്റ് ഡ്രീംസ്'. റിയൽ എസ്റ്റേറ്റ് മേഖലയിലെ അത്യാഗ്രഹവും അധികാര മോഹവുമാണ് ഈ സീരീസിന്റെ വിഷയം. കടബാധ്യത തീർക്കാൻ ഒരു കെട്ടിട ഉടമ നടത്തുന്ന വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം യഥാർത്ഥ കുറ്റകൃത്യമായി മാറുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇതിൽ ദൃശ്യവൽക്കരിക്കുന്നത്.

6. ക്ലൈമാക്സ്

റിലീസ്: മാർച്ച് 16 | വിക്കി, ഡിസ്നി പ്ലസ്

ജു ജി-ഹൂൺ, ഹാ ജി-വോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ക്ലൈമാക്സ്' ഒരു സൈക്കോളജിക്കൽ സസ്പെൻസ് സീരീസാണ്. ഒരു കരുത്തുറ്റ പ്രോസിക്യൂട്ടറും അദ്ദേഹത്തിന്റെ ഭാര്യയായ മുൻ നടിയും തമ്മിലുള്ള അധികാര തർക്കങ്ങളും രാഷ്ട്രീയ കരുനീക്കങ്ങളുമാണ് ഇതിന്റെ പ്രമേയം. ദക്ഷിണ കൊറിയയിലെ ഉന്നതർക്കിടയിലെ കുടിപ്പകയും അതിജീവനവും ഈ സീരീസ് ചർച്ച ചെയ്യുന്നു.

മുൻ മാസങ്ങളിൽ ഹിറ്റായ 'ദ ആർട്ട് ഓഫ് സാറ', 'കാൻ ദിസ് ലവ് ബി ട്രാൻസ്‌ലേറ്റഡ്?' എന്നിവയ്ക്ക് ശേഷം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ മാർച്ച് റിലീസുകളെ കാത്തിരിക്കുന്നത്. റൊമാൻസ്, ക്രൈം, മിസ്റ്ററി തുടങ്ങി എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന വൈവിധ്യമാർന്ന ഉള്ളടക്കമാണ് കൊറിയൻ സിനിമാ ലോകം ഇത്തവണയും കരുതിയിരിക്കുന്നത്.