തെലുങ്ക് സിനിമാ ലോകം ഒടിടി ഡീലുകള്‍ക്ക് ബുദ്ധിമുട്ടുമ്പോള്‍, നന്ദമുരി ബാലകൃഷ്‍ണ നായകനാവുന്ന 'അഖണ്ഡ 2' റെക്കോര്‍ഡ് തുകയ്ക്ക് റൈറ്റ്സ് വിറ്റ് ശ്രദ്ധ നേടുന്നു. 

മെച്ചപ്പെട്ട ഒടിടി ഡീലുകള്‍ കരസ്ഥമാക്കാന്‍ തെലുങ്ക് സിനിമാ നിര്‍മ്മാതാക്കള്‍ ബുദ്ധിമുട്ടുന്നതായി ഏതാനും വാരങ്ങളായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്‍റെ 40- 50 ശതമാനം കുറഞ്ഞ തുകയാണ് തെലുങ്കിലെ ശ്രദ്ധേയ പ്രോജക്റ്റുകള്‍ക്ക് പോലും സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമുകള്‍ വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രഭാസ്, ചിരഞ്ജീവി, ബാലയ്യ ചിത്രങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ചത് പ്രകാരമുള്ള ഒടിടി ഡീലുകള്‍ നേടാന്‍ സാധിക്കുന്നില്ലെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ ഒരു ചിത്രം ഒടിടിയില്‍ അടക്കം മികച്ച റൈറ്റ്സ് തുക സ്വന്തമാക്കിയിരിക്കുകയാണ്.

ബോയപതി ശ്രീനു രചനയും സംവിധാനവും നിര്‍വ്വഹിച്ച് നന്ദമുരി ബാലകൃഷ്‍ണ നായകനാവുന്ന ഫാന്‍റസി ആക്ഷന്‍ ഡ്രാമ ചിത്രം അഖണ്ഡ 2 ആണ് അത്. 2021 ല്‍ പുറത്തെത്തി വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമാണ് ഇത്. തെലുങ്ക് സിനിമയില്‍ നിലവിലുള്ള ഒടിടി പ്രതിസന്ധി മറികടന്ന് സ്ട്രീമിംഗ് റൈറ്റ്സ് ഇനത്തില്‍ ചിത്രം 85 കോടി നേടിയതായി തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടിടിയില്‍ മാത്രമല്ല മറ്റ് റൈറ്റ്സ് തുകകളിലും ചിത്രം വലിയ നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. സാറ്റലൈറ്റ് റൈറ്റ്സ് ഇനത്തില്‍ ചിത്രം 60 കോടി നേടിയതായും തെലുങ്ക് 360 യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിയോ ഹോട്ട്സ്റ്റാര്‍ ആണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്.

60 കോടി എന്നത് ഒരു ബാലയ്യ ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ്സ് ഇനത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ്. റിലീസിന് മുന്‍പ് തന്നെ നിര്‍മ്മാതാക്കളായ 14 റീല്‍സ് പ്ലസിന് ലാഭം നേടിക്കൊടുത്ത റൈറ്റ്സ് വില്‍പ്പന ആണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുള്ള അഖണ്ഡ 2 പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഇപ്പോള്‍. ഡിസംബര്‍ 5 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി. രാം അചന്ത, ഗോപി അചന്ത എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ബാലയ്യയുടെ മകളായ എം തേജസ്വിനി നന്ദമുരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. സംഗീതം തമന്‍ എസ്, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി ദേടാകെ, കലാസംവിധാനം എ എസ് പ്രകാശ്, എഡിറ്റിംഗ് തമ്മിരാജു, പിആര്‍ഒ വംശി ശേഖര്‍, മാര്‍ക്കറ്റിംഗ് ഫസ്റ്റ് ഷോ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്