അഖണ്ഡ 2വിന്റെ പ്രതിഫലത്തിന്റെ വിവരങ്ങള്‍.

നന്ദമുരി ബാലകൃഷ്‍ണ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അഖണ്ഡ 2. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രമാണ് "അഖണ്ഡ 2: താണ്ഡവം. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രം തിയറ്ററുകളില്‍ എത്തിയില്ല. പുതിയ റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിട്ടില്ല. അതിനിടയില്‍ അഖണ്ഡ 2വിന് താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തിന്റെ കണക്കുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ബജറ്റ് 200 കോടിയാണ്. ബാലയ്യയുടെ പ്രതിഫലം 75 കോടിയാണ്. സംവിധായകൻ ബോയപതി ശ്രീനുവിനാകട്ടെ 40 കോടിയാണ് പ്രതിഫലം, നായിക സംയുക്ത മേനോന് രണ്ട് കോടിയുമാണ് പ്രതിഫലം. ഹർഷാലി മൽഹോത്രയ്‍ക്കാകട്ടെ ഒരു കോടി രുപയുമാണ് പ്രതിഫലം എസ് തമനാണാണ് സംഗീത സംവിധായകൻ, തമന് പ്രതിഫലം 20 കോടിയാണ്.

ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്‍ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ "അഖണ്ഡ 2: താണ്ഡവം", ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തു വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഇമോഷനും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും നേരത്തെ പുറത്തു വന്ന ബ്ലാസ്റ്റിംഗ് റോർ വീഡിയോയും കാണിച്ചു തരുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

രണ്ട് വ്യത്യസ്‍ത ഗെറ്റപ്പിൽ ആണ് ഈ ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്‍ണ എത്തുന്നത്. അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗുകളും ഗംഭീര ആക്ഷനും ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ഇപ്പോൾ പുറത്തു വന്ന ടീസറും സൂചന നൽകുന്നു. ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്‍ണയുടെ പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. മലയാളി താരം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്ര, കബീർ സിങ്, അച്ച്യുത്‌ കുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും. രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക