സംവിധായകനും നടനും ഒന്നിക്കുന്നത് നാലാം തവണ. 14 റീൽസ് പ്ലസ് നിര്‍മ്മാണം
അഞ്ച് പതിറ്റാണ്ട് നീളുന്ന കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെയാണ് ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണ ഇപ്പോള്‍ കടന്നുപോവുന്നത്. തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. സീക്വല്‍ എന്നത് ട്രെന്‍ഡ് ആയിരിക്കുന്ന കാലത്ത് ബാലയ്യയും ഒരു രണ്ടാം ഭാഗവുമായി എത്താന്‍ ഒരുങ്ങുകയാണ്. കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ അഖണ്ഡയുടെ സീക്വല്‍ ആണ് അത്. ബോയപതി ശ്രീനു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ പേര് അഖണ്ഡ 2 എന്ന് തന്നെയാണ്.
സിംഹ, ലെജൻഡ്, അഖണ്ഡ എന്നീ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം നന്ദമൂരി ബാലകൃഷ്ണയും സംവിധായകൻ ബോയപതി ശ്രീനുവും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രം നിർമ്മിക്കുന്നത് 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ്. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബാലകൃഷ്ണയുടെയും ബോയപതി ശ്രീനുവിന്റെയും ആദ്യ പാൻ ഇന്ത്യ ചിത്രവുമാണിത്.
താണ്ഡവം ടാഗ് ലൈനാണ് ചിത്രത്തിന്‍റെ പേരിനൊപ്പം ടൈറ്റില്‍ പോസ്റ്ററില്‍ ഉള്ളത്. പശ്‌ചാത്തലത്തിൽ ഹിമാലയവും ഉണ്ട്. ബാലകൃഷ്ണയുടെയും ബോയപതി ശ്രീനുവിന്റെയും ഏറ്റവും ചെലവേറിയ ചിത്രമായ അഖണ്ഡ 2 രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി ദേതാകെ, സംഗീതം തമൻ എസ്, കല എ എസ് പ്രകാശ്, എഡിറ്റർ തമ്മിരാജു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി.
ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു

