ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
ഒരു കാലത്ത് സിനിമാപ്രേമികള്‍ക്കിടയിലെ ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നെങ്കില്‍ ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയുടെ സിനിമകളുടെ സ്ഥിതി ഇപ്പോള്‍ അതല്ല. ട്രോള്‍ ചെയ്യുന്നവര്‍ ഇപ്പോഴും ഉണ്ടെങ്കിലും അദ്ദേഹം നായകനാവുന്ന സിനിമകള്‍ക്ക് ബോക്സ് ഓഫീസില്‍ ഇപ്പോള്‍ മിനിമം ഗ്യാരന്‍റി കൈവന്നിരിക്കുന്നു. എബോ ആവറേജ് അഭിപ്രായം വരുന്ന ഒരു ബാലയ്യ ചിത്രം ഇന്ന് ഉറപ്പായും 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടും. ബാലയ്യ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം അഖണ്ഡ 2 ന്‍റെ ഒരു പുതിയ അപ്ഡേറ്റ് ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ഇന്ത്യയില്‍ പെയ്ഡ് പ്രീമിയറുകള്‍ ഉണ്ടായിരിക്കും എന്നതാണ് അത്.
തെലുങ്കില്‍ നിന്നുള്ള പ്രധാന റിലീസുകള്‍ക്കൊക്കെ യുഎസില്‍ പെയ്ഡ് പ്രീമിയറുകള്‍ ഉണ്ടാവുമെങ്കിലും ഇന്ത്യയില്‍ അത്തരം പ്രദര്‍ശനങ്ങള്‍ എല്ലാ ചിത്രങ്ങള്‍ക്കും ഉണ്ടാവാറില്ല. എന്നാല്‍ അഖണ്ഡ 2 ന് അത് ഉണ്ടാവും. എന്നാല്‍ പ്രീമിയര്‍ ഷോകളുടെ ടിക്കറ്റ് നിരക്ക് സാധാരണയിലും ഉയര്‍ന്നത് ആയിരിക്കും. തെലുങ്ക് സംസ്ഥാനങ്ങളിലെ പെയ്ഡ് പ്രീമിയറുകള്‍ക്ക് ടിക്കറ്റൊന്നിന് 600 രൂപ ഈടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിര്‍മ്മാതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇത് അനുവദിക്കപ്പെടുന്നപക്ഷം അതായിരിക്കും പ്രീമിയര്‍ ഷോകളുടെ ടിക്കറ്റ് നിരക്ക്. ബാലകൃഷ്ണയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ അഖണ്ഡയുടെ രണ്ടാം ഭാഗം ആണ് ഇത്. അതിനാല്‍ത്തന്നെ ബാലയ്യ ആരാധകരെ സംബന്ധിച്ച് ഏറെ കാത്തിരിപ്പ് സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് അഖണ്ഡ 2.
ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് അഖണ്ഡ 2: താണ്ഡവം. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനായി സമാപകാലത്തെത്തിയ മലയാള ചിത്രം ഡീയസ് ഈറേയ്ക്കും പെയ്ഡ് പ്രീമിയറുകള്‍ ഉണ്ടായിരുന്നു. ഇത് മലയാള സിനിമയിലെ ആദ്യത്തേത് ആയിരുന്നു.



