കോളേജ് കാലത്തെ പ്രണയത്തെ കുറിച്ചും പറയുന്നു അഖില്‍ മാരാര്‍.

നിലപാടു മാറ്റത്തിന്റെ പേരിൽ നിരവധി തവണ വിമർശനങ്ങൾ നേരിടുന്നയാളാണ് സംവിധായകനും ബിഗ് ബോസ് മുൻ വിജയിയുമായ അഖിൽ മാരാർ. ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിൽ ഇതേക്കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്.

''ഞാൻ അഭിപ്രായം ഒരുപാട് തവണ മാറ്റിയിട്ടുണ്ട്. 2006ൽ ഫാത്തിമ കോളേജിൽ പഠിക്കാൻ പോകുമ്പോൾ അച്ഛന് കൊടുത്ത ആദ്യത്തെ വാക്ക് സിവിൽ സർവീസ് എഴുതി ഐപിഎസ് കാരനായി വരും എന്നാണ്. അതുകൊണ്ടാണ് എഞ്ചിനീറിങ്ങിന് പോകാതെ ഞാൻ കോളേജിൽ പോകുന്നത്. അച്ഛന് കൊടുത്ത വാക്ക് ഞാൻ മാറ്റി, കാര്യം ഞാൻ കോളേജിന്റെ അവസാന കാലഘട്ടത്തിൽ ഒരു പെൺകുട്ടിയെ പ്രണയിച്ചു. ഞാൻ പ്രണയിച്ച പെൺകുട്ടി മുക്കുവ സമുദായത്തിൽ പെട്ട ഒരു കുട്ടിയായിരുന്നു. മുക്കുവ സമുദായത്തിൽ പെട്ട ഒരു കുട്ടിയെ ഇപ്പുറത്ത് എൻഎസ്എസിന്റെ ഭാഗമായിട്ട് നിൽക്കുന്ന ഞാൻ വിവാഹം കഴിച്ചാൽ ഉണ്ടാവാൻ പോകുന്ന പ്രശ്നങ്ങൾ എനിക്കറിയാം. ഞാൻ ആ പെൺകുട്ടിയെ വിവാഹം കഴിക്കണമെങ്കിൽ എനിക്ക് ജോലി വേണം. അപ്പോൾ അച്ഛന് കൊടുത്ത വാക്ക് മാറ്റി. ആ പെൺകുട്ടിക്ക് വേണ്ടിയിട്ട് ഞാൻ ജോലിക്ക് പോയി.

ഒരു അമേരിക്കൻ കമ്പനിയിൽ ജോലിക്ക് കേറുമ്പോൾ എന്റെ ലക്ഷ്യം വീട് വെക്കണം എന്നായിരുന്നു. പിന്നീട് ഞങ്ങളുടെ രണ്ടുപേരുടെയും ചിന്തകൾ ഒരേ രീതിയിൽ അല്ലെന്നും ഭാവിയിൽ അതൊരു ഡൈവോഴ്സിലേക്ക് കലാശിക്കാൻ സാധ്യതയുണ്ടെന്നും അന്നേ മനസിലാക്കിയ ഞാൻ നമുക്ക് മുന്നോട്ടു പോകുന്നതിൽ അർത്ഥമില്ല എന്ന് ആ കുട്ടിയോട് പറഞ്ഞു. ആ കുട്ടിയുടെയും മറ്റു ചില പ്രശ്നങ്ങളൊക്കെ കാരണം ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ വന്നു. ആ പ്രണയം ഇല്ലാതാകുന്ന സമയത്ത് ഞാൻ വീണ്ടും തീരുമാനം മാറ്റി. ഇനി ഈ കമ്പനിയിൽ തുടരുന്നില്ല എന്ന്. എനിക്ക് ദൈവം തന്ന കഴിവുകൾ ഉപയോഗിച്ച് മുന്നോട്ട് സഞ്ചരിക്കണം.. അങ്ങനെ ജീവിതത്തിൽ എന്തെങ്കിലും ആകണമെന്ന് തീരുമാനിച്ചിട്ട് കിട്ടിയ ജോലികളെല്ലാം ഉപേക്ഷിച്ചിട്ടാണ് ഞാൻ സിനിമക്കാരനായിട്ട് ഇറങ്ങിയത്'', എന്നാണ് അഖിൽ‌ മാരാർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക