രാഷ്ട്രീയ പാർട്ടികൾ അധികാരത്തിനായി ജാതിയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭാവിയിൽ ജാതി ഇല്ലാതാക്കാൻ മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുകയും അത്തരം കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുകയും വേണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. Akhil Marar
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി അഖിൽ മാരാർ രംഗത്ത്. ഭാവിയിൽ ജാതി ഇല്ലാതാകാൻ മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അതിന് സർക്കാർ സബ്‌സിഡി നൽകണമെന്നും അഖിൽ മാരാർ പറയുന്നു.
"1957യിൽ ജാതീയത ഇല്ലാതാക്കും എന്നൊക്കെ പറഞ്ഞ് അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയും തിരിഞ്ഞും ഭരിച്ച നാട്ടിൽ, പ്രബുദ്ധ മലയാളിയുടെ കേരളത്തിൽ, പിണറായി വിജയന്റെ കേരളത്തിൽ, കമ്മ്യൂണിസ്റ് സഖാക്കളുടെ കണ്ണൂരിൽ ഒരു കുട്ടിക്ക് ജാതി വിവേചനത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ആരോട് പറയാൻ? ആര് കേൾക്കാൻ. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ഒരു സമൂഹത്തെ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിനു വേണ്ടി ഉപയോഗിച്ചപ്പോൾ ജാതി ഭ്രാന്ത് വർധിച്ചു.
തെറ്റ് ചെയ്തവർ ശിക്ഷിക്കപെടണം. നിതിൻ രാജിന് നീതി കിട്ടണം. ഇനിയൊരു മനുഷ്യനും ഇത്തരത്തിൽ അനുഭവം ഉണ്ടാവാതെ ഇരിക്കാനുള്ള അവസ്ഥ സൃഷ്ടിക്കപെടണം. ജാതി ഭാവിയിൽ ഇല്ലാതെ ആവാൻ മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണം. അതിന് സർക്കാർ സബ്‌സിഡി നൽകണം. വിവിധ ജാതിയിൽപെട്ടവർ വിവാഹം ചെയ്താൽ അവർക്ക് ഉണ്ടാകുന്ന കുട്ടികൾ ജാതി ഇല്ലാത്തവർ ആയി മാറും.. ആ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകണം. അങ്ങനെ വരും ഭാവിയിൽ എങ്കിലും ഈ വിപത്തു നമുക്ക് ഒഴിവാക്കാം. രോഗത്തിന്റെ കാരണം കണ്ടെത്തി അത് വരാതെ നോക്കാൻ ആണ് ചികിത്സ. അല്ലാതെ രോഗിക്ക് ആപ്പിൾ വാങ്ങി കൊടുക്കുന്ന പണി അല്ല ചികിത്സ. നാളിത് വരെ രാഷ്ട്രീയ നേതാക്കൾ ചെയ്തു കൂട്ടിയിട്ടുള്ളത് ഈ ആപ്പിൾ വാങ്ങി കൊടുത്തു തല്ക്കാലം സന്തോഷിപ്പിക്കുന്ന പണിയാണ്'', അഖിൽ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം അഖിൽ മാരാരുടെ പേരിന്റെ കൂടെയുള്ളത് ജാതി തന്നെയല്ലേ, അതിൽ നിന്ന് ലഭിക്കുന്ന പ്രിവിലേജുകൾ കളയാതെ ഇരിക്കാനല്ലേ ആ വാൽ ഇപ്പോഴും കൂടെകൊണ്ട് നടക്കുന്നതെന്നും അഖിൽ മാരാർക്കെതിരെ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്.


