ചിത്രത്തിന്റെ സെൻസറിംഗ് വേളയിൽ, സിനിമ കണ്ട് സെൻസർ ഓഫീസർ വികാരാധീനനായെന്നും അടുത്തകാലത്ത് കണ്ട മികച്ച ചിത്രമാണിതെന്ന് പ്രശംസിച്ചെന്നും സംവിധായകൻ വെളിപ്പെടുത്തി.
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കിയ 'സർവ്വം മായ' മികച്ച പ്രേക്ഷക പ്രശംസകളോടെ മുന്നേറുകയാണ്. ഹൊറർ- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും വമ്പൻ നേട്ടമാണ് കരസ്ഥമാക്കിയത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 100 കോടി നേടിയ ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ്ങിനെ കുറിച്ച് അഖിൽ സത്യൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
സീരിയസ് ആയിട്ടുള്ള ഓഫീസറാണ് എന്നറിഞ്ഞപ്പോൾ വളരെ പേടിച്ചതാണ് സർവ്വം മായ സെൻസറിങ്ങിന് പോയതെന്നും, അകത്തേക്ക് കയറുമ്പോൾ തന്റെ ഫോൺ വാങ്ങിവെച്ച ഓഫീസറുടെ കണ്ണ് നിറഞ്ഞിരുന്നുവെന്നും അദ്ദേഹം സിനിമ കണ്ടിട്ടിട്ടാണ് തൻറെയ്ഡുത്തേക്ക് വന്നതെന്നും അഖിൽ സത്യൻ പറയുന്നു.
"വളരെ സീരിയസ് ആയിട്ടുള്ള ആളാണ് ഓഫീസര്‍ എന്ന് കേട്ടപ്പോള്‍ വളരെ പേടിച്ചിട്ടാണ് സര്‍വ്വം മായയുടെ സെന്‍സറിങ്ങിന് പോയത്. ആദ്യം നമ്മള്‍ അവിടെ ചെല്ലുമ്പോള്‍ നമ്മുടെ ഫോണ്‍ അവര്‍ വാങ്ങിച്ച് വെക്കും. എന്റെ ഫോണ്‍ വാങ്ങിച്ച ഓഫീസറുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. അവര്‍ പടം ഫുള്‍ കണ്ടിട്ടാണ് എന്റെയടുത്തേക്ക് വന്നത്. അത് കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരു ധൈര്യം കിട്ടി. ഉള്ളില്‍ ചെന്നപ്പോള്‍ ആ ഓഫീസര്‍ സിനിമയിലെ ഓരോരുത്തരെക്കുറിച്ചും എന്നോട് പറയാന്‍ തുടങ്ങി. ഇതുപോലൊരു ചിത്രം അടുത്ത കാലത്തൊന്നും ഞാന്‍ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മള്‍ പേടിച്ച് പോയ അവസ്ഥയെല്ലാം അതോടെ മാറി. അവിടുന്ന് ഇറങ്ങിയ ഉടന്‍ തന്നെ ഞാന്‍ നിവിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു." അഖിൽ സത്യൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അഖിൽ സത്യന്റെ പ്രതികരണം.
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്. പ്രതീക്ഷങ്ങളെല്ലാം ഫലവത്തായിയെന്ന് തെളിയിക്കുന്നതാണ് പ്രതികരണങ്ങള്‍.



