ദീപിക പദുക്കോണ്‍ നായികയായി ഇന്ന് പ്രദര്‍ശനത്തിന് എത്തിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം വൻ വിജയമാകുമെന്നു തന്നെയാണ് കരുതുന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ സിനിമ കാണാൻ ഒരുമിച്ചെത്തുന്നുവെന്നതാണ് വാര്‍ത്ത.

ലക്നൗവില്‍ ഒരു മള്‍ട്ടിപ്ലക്സ് സമാജ്‍വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ബുക്ക് ചെയ്‍തിട്ടുണ്ട്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ പ്രശ്‍നങ്ങളെ കുറിച്ച് എന്നും ആശങ്കപ്രകടിപ്പിച്ചിരുന്നയാളാണ് പാര്‍ട്ടിയുടെ പ്രസിഡന്റ് അഖിലേഷ് യാദവ് എന്നും പ്രവര്‍ത്തകര്‍ സിനിമ കാണുന്നുണ്ടെന്നും സമാജ്‍വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന ഒരു നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍, അഖിലേഷ് യാദവ് ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്കായി ലക്നൗവില്‍ ഷീറോസ് ഹാംഗ് ഔട്ട് കഫേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. സിനിമയ്‍ക്കായി സമാജ്‍വാദി പാര്‍ട്ടി തിയേറ്റര്‍ മൊത്തം ബുക്ക് ചെയ്‍തിട്ടുണ്ട്. അതേസമയം മധ്യപ്രദേശിലും ഛത്തിസ്‍ഗഢിലും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മേഘ്‍ന ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ സംവിധായിക.