ഇരു ചിത്രങ്ങളും ഓഗസ്റ്റ് 11ന് ആണ് തിയറ്ററുകളില്‍ എത്തുന്നത്

തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് പണം വാരുമ്പോള്‍ പഴയ പ്രതാപം തുടരാനാവാത്ത സ്ഥിതിയിലാണ് ബോളിവുഡ്. സൂപ്പര്‍താര ചിത്രങ്ങളടക്കം ബോക്സ് ഓഫീസില്‍ മൂക്കുകുത്തുന്നത് തുടര്‍ക്കഥയാവുകയാണ്. അക്ഷയ് കുമാറിന്‍റെ (Akshay Kumar) സാമ്രാട്ട് പൃഥ്വിരാജും കങ്കണ റണൌത്തിന്‍റെ ധാക്കഡുമൊക്കെയാണ് ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണങ്ങള്‍. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേദിവസം തിയറ്ററുകളിലെത്തുകയാണ്. ആമിര്‍ ഖാന്‍റെ (Aamir Hkan) ലാല്‍ സിംഗ് ഛദ്ദയും (Laal Singh Chaddha) അക്ഷയ് കുമാറിന്‍റെ രക്ഷാബന്ധനുമാണ് (Raksha Bandhan) ആ ചിത്രങ്ങള്‍.

ഇരു ചിത്രങ്ങളും ഓഗസ്റ്റ് 11ന് ആണ് തിയറ്ററുകളില്‍ എത്തുന്നത്. രണ്ട് ചിത്രങ്ങളും നേരത്തേ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നതാണ്. ഇത് മാറാന്‍ സാധ്യതയുണ്ടെന്ന് സിനിമാ വ്യവസായത്തിലുള്ളവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രക്ഷാബന്ധന്‍ റിലീസ് തീയതിയില്‍ മാറ്റമില്ലെന്ന് അണിയറക്കാര്‍ അറിയിച്ചതോടെയാണ് തിയറ്ററുകളിലെ താരപ്പോരിന്‍റെ കാര്യത്തില്‍ ഉറപ്പായത്. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ പലകുറി റിലീസ് മാറ്റിവച്ച ചിത്രമാണ് ആമിറിന്‍റെ ലാല്‍ സിംഗ് ഛദ്ദ. ആ ചിത്രം ഇനി ഒരിക്കല്‍ക്കൂടി മാറ്റിവെക്കാനുള്ള സാധ്യത തുലോം വിരളമാണ്. അതേസമയം രണ്ട് ചിത്രങ്ങളും ഒരേ ദിവസം എത്തുന്നതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. രണ്ട് ചിത്രങ്ങള്‍ക്കും ഇത് നെഗറ്റീവ് ആണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ബോളിവുഡ് വ്യവസായത്തിന് ഇത് ആത്യന്തികമായി നല്ലതാണെന്ന് വാദിക്കുന്നവരും ഉണ്ട്.

Scroll to load tweet…

ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അദ്വൈത് ചന്ദന്‍ ആണ് സംവിധാനം. കരീന കപൂര്‍, മോന സിംഗ്, നാഗ ചൈനത്യ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആനന്ദ് എല്‍ റായ് ആണ് 'രക്ഷാബന്ധന്‍റെ' സംവിധാനം. സംവിധായകന്‍ ആനന്ദ് എല്‍ റായ്ക്കൊപ്പം അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ALSO READ : ശില്‍പ ഷെട്ടി മുതല്‍ അലിയ ഭട്ട് വരെ; യോഗയെ ജീവിതത്തിന്‍റെ ഭാഗമാക്കിയ താരങ്ങള്‍