സൈലന്‍റ് വാലി ദേശീയോദ്യാനത്തില്‍ സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാന മരണപ്പെട്ട സംഭവം ദേശീയശ്രദ്ധ നേടിയിരുന്നു. സിനിമാ, കായിക മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ വിഷയത്തില്‍ തങ്ങള്‍ക്കുള്ള രോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ തനിക്കുള്ള നടുക്കം രേഖപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. കൊല ചെയ്യപ്പെട്ട ആനയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അക്ഷയ് കുമാറിന്‍റെ ട്വീറ്റ്.

"മൃഗങ്ങളുടെ വന്യത കുറയുന്നതുകൊണ്ടും മനുഷ്യരുടെ മനുഷ്യത്വം കുറയുന്നതുകൊണ്ടുമാവാം. ആ ആനയ്ക്കുണ്ടായ ദുരനുഭവം ഹൃദയഭേദകമാണ്. മനുഷ്യത്വ വിരുദ്ധവും അസ്വീകാര്യവുമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചേ മതിയാവൂ. ഓരോ ജീവനും എണ്ണപ്പെട്ടതാണ്", അക്ഷയ് കുമാര്‍ കുറിച്ചു.

കാട്ടുപന്നിയെ പിടികൂടാന്‍ ഒരുക്കിയ കെണിയാണ് പിടിയാനയുടെ ജീവനെടുത്തത്. പൈനാപ്പിള്‍ ഭക്ഷിച്ച കാട്ടാനയുടെ മുഖം സ്ഫോടനത്തില്‍ തകര്‍ന്നിരുന്നു. ഭക്ഷണം കഴിക്കാനാവാതെ ഏറെ ദിവസം പട്ടിണി കിടന്നതിനു ശേഷമാണ് ആന ചെരിഞ്ഞത്. അവശനിലയില്‍ കണ്ടെത്തിയ ആനയ്ക്ക് ചികിത്സ നല്‍കാനായി രണ്ട് കുങ്കിയാനകളെ വനംവകുപ്പ് കൊണ്ടുവന്നിരുന്നെങ്കിലും ഗര്‍ഭിണിയായ കാട്ടാനയെ രക്ഷിക്കാനായില്ല. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹന്‍ കൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.