ആപ്പിൽ പരിചയപ്പെട്ട ഒരാളെ നേരിട്ട് കണ്ടുമുട്ടുകയും എട്ട് മണിക്കൂർ ഒരുമിച്ച് ചെലവഴിക്കുകയും ചെയ്തുവെന്നും, ഇത് തന്റെ ആദ്യത്തെ ഡേറ്റിംഗ് അനുഭവമായിരുന്നുവെന്നും പാർവതി പറയുന്നു. 

ഡേറ്റിങ് അനുഭവം പങ്കുവച്ച് പാർവതി തിരുവോത്ത്. 2021 ലെ ബ്രേക്ക് അപ്പിന് ശേഷം താൻ മൂന്ന് വർഷത്തോളം സിംഗിൾ ആയിരുന്നുവെന്നും, സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ലോസ് ഏഞ്ചൽസിൽ വെച്ച് 'ഫീൽഡ്' എന്ന ഡേറ്റിംഗ് ആപ്പ് പരീക്ഷിച്ചുവെന്നും, ആപ്പിലൂടെ പരിചയപ്പെട്ട ഒരാളെ, ചാറ്റിംഗിന് സമയം കളയാതെ താൻ നേരിട്ട് കോഫി കുടിക്കാൻ ക്ഷണിച്ചെന്നും പാർവതി പറയുന്നു.

"2024 ജൂൺ വരെ ഞാൻ ഡേറ്റിങ് ആപ്പിൽ ഒന്നുമുണ്ടായിരുന്നില്ല. 2021 ൽ എനിക്കൊരു ബ്രേക്കപ്പ് ഉണ്ടായി. മൂന്ന് വർഷമായി ഞാൻ സിംഗിൾ ആയിരുന്നു. എന്റെയൊരു സുഹൃത്താണ് ഇത് തിരിച്ചറിഞ്ഞത്. ഇത് ശരിയല്ലെന്ന് അവൾ എന്നോട് പറഞ്ഞു. അവൾ തന്നെയാണ് ബമ്പിളും, റായയും, ഫീൽഡ് എന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്ത തന്നത്. ഞാൻ കണ്ടതിൽ സത്യസന്ധമായ ആപ്പ് ആയിരുന്നു അത്. ലോസ് ഏയ്ഞ്ചൽസിൽ ഒരു വർക്കുമായി ബന്ധപ്പെട്ട് പോയതായിരുന്നു. ഫീൽഡ് ട്രൈ ചെയ്ത് നോക്കണമെന്ന് തോന്നി. അങ്ങനെ ഞാൻ കാഴ്ചയിൽ നോർമൽ ആയ ഒരാളെ കണ്ടെത്തി മെസേജ് അയച്ചു. ഡേറ്റിങ്ങ് ആപ്പിൽ സംസാരിച്ച് എനിക്ക് പരിചയമില്ല. കോഫി കുടിച്ചാലോ എന്ന് നേരിട്ട് മെസേജ് അയച്ചു. സാധാരണ കുറച്ച് ദിവസം ആളുകൾ ചാറ്റ് ചെയ്യാറുണ്ടെന്ന് അവൻ എന്നോട് പറഞ്ഞു. എനിക്ക് അതിനുള്ള സമയമില്ല, മൂന്ന് ദിവസത്തിനുള്ളിൽ മടങ്ങുമെന്നും കണ്ടുമുട്ടണോ വേണ്ടയോ എന്ന് ഞാൻ ചോദിച്ചു." പാർവതി പറയുന്നു

"അവന്‍ ഫോട്ടോ ചോദിച്ചു, ഞാന്‍ അയച്ചു കൊടുത്തു. അവനൊരു സ്റ്റാന്റ് അപ്പ് കൊമേഡിയനും എഞ്ചിനീയറുമൊക്കെയായിരുന്നു. നിക്കരാഗ്വൻ അമേരിക്കനായിരുന്നു അവന്‍. കോഫി കുടിക്കാമെന്ന് പറഞ്ഞു, അപ്പോള്‍ എനിക്ക് പേടിയായി. പ്രൈവറ്റ് സ്‌പോട്ടില്‍ പോകണ്ടെന്ന് തോന്നി. സിനിമയ്ക്ക് പോയാലോ എന്ന് ചോദിച്ചു. അങ്ങനെ 'കൈന്‍ഡ്‌സ് ഓഫ് കൈന്‍ഡ്‌നെസ്' എന്ന സിനിമ കാണാന്‍ പോയി. ഫസ്റ്റ് ഡേറ്റിന് കാണാന്‍ പറ്റിയ, ഇതിലും അസാധാരണമായൊരു സിനിമയില്ല." പാർവതി കൂട്ടിച്ചേർത്തു.

"അന്ന് എനിക്ക് പിരീയഡ്‌സ് ആയിരുന്നു. വല്ലാതെ ക്ഷീണിതയായിരുന്നു. അവനെ കാത്ത് മാളില്‍ ഇരിക്കുമ്പോള്‍ ഞാനൊരു ഹോട്ട് ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്തു. അവന്‍ നടന്നു വരുമ്പോള്‍ കാണുന്നത് ഞാന്‍ കണ്ണില്‍ നിന്നും ലെന്‍സ് ഊരുന്നതും കണ്ണടയെടുത്ത് വെക്കുന്നതുമാണ്. അവനും കണ്ണട ധരിച്ചിരുന്നു. അവനെ കാണാന്‍ ഫ്രണ്ട്‌സിലെ റിച്ചാര്‍ഡിനെപ്പോലുണ്ടായിരുന്നു. ഞങ്ങള്‍ വേഗത്തില്‍ തന്നെ സംസാരിച്ചു തുടങ്ങി. വളരെ നല്ല സമയമായിരുന്നു അത്. എട്ട് മണിക്കൂര്‍ ഒരുമിച്ച് ചെലവിട്ടു. തിരികെ എന്ന ഹോട്ടലില്‍ ഡ്രോപ്പ് ചെയ്തു. അതാദ്യമായിട്ടാണ് എന്നെ ഒരാള്‍ ഡേറ്റിന് കൊണ്ടു പോകുന്നത്." ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം.

അതേസമയം ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പാർവതി ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും, മാത്യു തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ കൂടി അണിചേരും. കൂടാതെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിൽ ഉണ്ടാകും.