ദ രാജാ സാബിന്റെ ഒഫിഷ്യല്‍ കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടു.
ഇന്ത്യൻ ബോക്സ് ഓഫീസിലെ കിംഗ് ആരെന്ന് ചോദിച്ചാല്‍ പല പേരുകളും മറുപടിയായി വരും. ഷാരൂഖ് ഖാൻ തൊട്ട് ഏറ്റവുമൊടുവില്‍ 1000 കോടി ക്ലബിലെത്തിയ ധുരന്ദറിലെ നായകൻ രണ്‍വീര്‍ സിംഗ് വരെ ആ ഉത്തരത്തിലുണ്ടായേക്കാം. എന്നാല്‍ നമ്പര്‍ വണ്‍ പാൻ ഇന്ത്യൻ സ്റ്റാര്‍ എന്ന വിശേഷണത്തിന് വര്‍ത്തമാനകാല സിനിമയിലെ ഉത്തരം പ്രഭാസ് എന്നായിരിക്കും. പ്രഭാസിന്റെ പുതിയ സിനിമയും ആഗോള കളക്ഷനില്‍ വൻ കുതിപ്പ് തുടരുകയാണ് എന്നാണ് ഒഫിഷ്യല്‍ കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രഭാസ് നായകനായി ജനുവരി ഒമ്പതിന് റിലീസ് ചെയ്‍ത ചിത്രം ദ രാജാ സാബാണ്. ദ രാജാ സാബ് ആദ്യ ദിവസം 100 കോടിയിലധികം കളക്ഷൻ നേടിയെങ്കില്‍ മൂന്നാം ദിവസമാകുമ്പോഴേക്ക് ആഗോള നേട്ടം 183 കോടി രൂപയാണ് എന്നാണ് ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക കളക്ഷൻ കണക്കുകള്‍ വ്യക്തമാക്കുന്നത്. തെലുങ്കില്‍ നിന്ന് മാത്രം 91 കോടി രൂപ ദ രാജാ സാബ് നേടിയിട്ടുണ്ട് എന്നാണ് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനി വെറും ഒമ്പത് കോടി രൂപയുണ്ടെങ്കില്‍ കളക്ഷൻ തെലുങ്കില്‍ നിന്ന് മാത്രം 100 കോടി ക്ലബിലെത്തും.
ദ രാജാ സാബ് 350 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ജിയോ ഹോട് സ്റ്റാറാണ് ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് 160 കോടി രൂപയ്‍ക്കാണ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനുപുറമേ തിയറ്ററിക്കല്‍ റൈറ്റ്സ് ഇനത്തില്‍ 180 കോടി രൂപയും ലഭിച്ചു.
മാരുതിയാണ് പ്രഭാസ് നായകനായ ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രവുമാണ്. ഏറെക്കാലത്തിന് ശേഷം കോമഡി ഴോണറിലേക്ക് പ്രഭാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ദ രാജാ സാബ്. ആക്ഷൻ ഹൊറര്‍ കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരം മാളവിക മോഹനനാണ് ദ രാജാ സാബിലെ നായിക. സഞ്‍ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍, സറീന വഹാബ്, സമുദ്രക്കനി, വെന്നേലെ കിഷോര്‍, ബ്രഹ്‍മാനന്ദൻ, വിടിവി ഗണേഷ്, സത്യ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി ഉണ്ട്.
