Asianet News MalayalamAsianet News Malayalam

ട്രാൻസ്ജെൻഡേഴ്സിന് കൈത്താങ്ങായ് അക്ഷയ് കുമാർ; അഭയകേന്ദ്രം തുറക്കാൻ 1.5 കോടി

നൃത്ത സംവിധായകനും നടനുമായ രാഘവ ലോറൻസിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിനാണ് സംഭാവന. 15ാം വാർഷികത്തിലേക്ക് പ്രവേശിക്കുന്ന ട്രസ്റ്റ് ഈ ആവശ്യത്തിനായി ചെന്നൈയിൽ ഭൂമി വാങ്ങിയിട്ടുണ്ട്. 

akshay kumar donates 1.5 crore to build home for transgender in chennai
Author
Mumbai, First Published Mar 2, 2020, 1:09 PM IST

മുംബൈ: വ്യത്യസ്ഥമായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ബോളിവു‍ഡ് നടൻ അക്ഷയ് കുമാർ. തന്റെ സിനിമ തിരക്കുകൾക്കിടയിലും ചാരിറ്റി പ്രവർത്തനങ്ങളിലും  താരം പങ്കാളിയാകാറുണ്ട്. ഇപ്പോഴിതാ ട്രാൻസ്ജെൻഡേഴ്സിന് കൈത്താങ്ങാകുകയാണ് താരം. 

ട്രാൻസ്ജെൻഡേഴ്സിന് അഭയകേന്ദ്രം തുറക്കാൻ 1.5 കോടി രൂപയാണ് അക്ഷയ് കുമാർ നൽകിയത്. നൃത്ത സംവിധായകനും നടനുമായ രാഘവ ലോറൻസിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിനാണ് സംഭാവന. 15ാം വാർഷികത്തിലേക്ക് പ്രവേശിക്കുന്ന ട്രസ്റ്റ് ഈ ആവശ്യത്തിനായി ചെന്നൈയിൽ ഭൂമി വാങ്ങിയിട്ടുണ്ട്. ലേറൻസ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. 

രാഘവ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആരാധകരോടും സുഹൃത്തുക്കളോടും ഒരു നല്ല വാർത്ത പങ്കിടാൻ ഞാൻ ആ​ഗ്രഹിക്കുന്നു. അക്ഷയ് കുമാർ സർ ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് അഭയകേന്ദ്രം പണിയുന്നതിനായി 1.5 കോടി സംഭാവന ചെയ്തു.

വിദ്യാഭ്യാസം, കുട്ടികൾക്കുള്ള അഭയകേന്ദ്രം, ഭിന്നശേഷിക്കാരായ നൃത്തകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ  എന്നിവയ്ക്കായി ലോറൻ‌സ് ചാരിറ്റബിൾ ട്രസ്റ്റ് വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോൾ പതിനഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ് ഞങ്ങളുടെ ട്രസ്റ്റ്. ട്രാൻസ്ജെൻഡേഴ്സിന് അഭയം നൽകിക്കൊണ്ട് അവരെ മുൻനിരയിലെത്തിക്കാൻ ഒരു പുതിയ പ്രോജക്റ്റ് ആരംഭിച്ചുകൊണ്ടാണ് ഈ 15-ാം വർഷം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. 

അഭയകേന്ദ്രം നിർമ്മിക്കാൻ ചെന്നൈയിൽ ഭൂമി വാങ്ങിയിട്ടുണ്ട്. അതിന് വേണ്ടിയുള്ള പണം കണ്ടെത്തുകയാണ് ഞങ്ങളിപ്പോൾ. 'ലക്ഷ്മി ബോംബ്' ഷൂട്ടിംഗിനിടെ ഞാൻ അക്ഷയ് കുമാർ സാറുമായി ട്രസ്റ്റിന്റെ പ്രോജക്റ്റുകളെക്കുറിച്ചും ട്രാൻസ്‌ജെൻഡേഴ്സിന്റെ അഭയകേന്ദ്രത്തെ കുറിച്ചും സംസാരിച്ചു. ഇത് കേട്ട ഉടൻ തന്നെ ഞാൻ പോലും ചോദിക്കാതെ അദ്ദേഹം 1.5 കോടി രൂപ നൽകുകയായിരുന്നു. 

സഹായിക്കുന്ന എല്ലാവരെയും ഞാൻ ദൈവമായിട്ടാണ് കാണുന്നത്, ഇപ്പോൾ അക്ഷയ് കുമാർ സാറും ഞങ്ങൾക്ക് ദൈവമാണ്. ഈ സംരംഭത്തിന് വലിയ പിന്തുണ നൽകിയതിന് ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു. ഞങ്ങൾ ഉടൻ തന്നെ ഭൂമിയുടെ പൂജ തുടങ്ങും. എനിക്ക് നിങ്ങളുടെ എല്ലാ അനുഗ്രഹവും ആവശ്യമാണ്.

രാഘവ ലോറൻസ് സംവിധാനം ചെയ്ത തമിഴ് സൂപ്പർ ഹിറ്റ് ചിത്രം കാഞ്ചന 2ൻറെ ഹിന്ദി റീമേക് ആണ് 'ലക്ഷ്‌മി ബോംബ്'. അക്ഷയ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൈറ അധ്വാനിയാണ് ചിത്രത്തിലെ നായിക. ചിത്രം 2020 ജൂൺ 5-ന് പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. 

Follow Us:
Download App:
  • android
  • ios