പബ്‍ജി അടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത് കഴിഞ്ഞ ദിവസമാണ്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തിലായിരുന്നു ഐടി മന്ത്രാലയത്തിന്‍റെ നീക്കം. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച് ചൈന  രംഗത്തുവരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു പുതുപുത്തന്‍ മള്‍ട്ടി പ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.

ഫൗ-ജി (FAU-G) എന്നാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്ന ഗെയിമിന്‍റെ പേര്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‍സ് എതിന്‍റെ ചുരുക്കെഴുത്താണ് ഫൗ-ജി. പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ പദ്ധതിയ്ക്കുള്ള പിന്തുണയാണ് ഇതെന്നും വിനോദം എന്നതിനപ്പുറത്ത് മറ്റുചില കാര്യങ്ങളും പുതിയ ഗെയിമുമായി ബന്ധപ്പെട്ട് അറിയേണ്ടതുണ്ടെന്നും അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. "വിനോദത്തിനപ്പുറം നമ്മുടെ പട്ടാളക്കാരുടെ ത്യാഗങ്ങളെക്കുറിച്ച് അറിയാനാവും ഈ ഗെയിമിലൂടെ. നേടുന്ന വരുമാനത്തിന്‍റെ 20 ശതമാനം ഭാരത് ക വീര്‍ ട്രസ്റ്റിന് സംഭാവന നല്‍കും", ആക്ഷയ് കുമാര്‍ കുറിച്ചു.

പബ്‍ജി നിരോധനം ഇന്ത്യയിലെ യുവാക്കളായ ഒട്ടേറെ മള്‍ട്ടി പ്ലെയര്‍ ഗെയിം ആരാധകരെ നിരാശരാക്കിയിരുന്നു. അതേസമയം നിരോധന പ്രഖ്യാപനം വന്നതിനു ശേഷവും ഗെയിമിന്‍റെ മൊബൈല്‍, ഡെസ്‍ക്‍ടോപ്പ് വെര്‍ഷനുകള്‍ രാജ്യത്ത് ഇപ്പോഴും ലഭ്യമാണ്. അതേസമയം അക്ഷയ് കുമാറിന്‍റെ പുതിയ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ എത്തിയേക്കും.