'ടൊറന്‍റോ തന്റെ വീടാണെന്ന്' പറയുന്ന അക്ഷയുടെ ഒരു പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്.
മുംബൈ: തനിക്ക് കനേഡിയൻ പൗരത്വമാണുള്ളതെങ്കിലും ഇന്ത്യയോടുള്ള സ്നേഹം ഒരിക്കലും തെളിയിക്കേണ്ടി വന്നിട്ടില്ലെന്ന ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പരാമർശത്തിനെതിരെ വിമർശനങ്ങളുമായി സോഷ്യൽമീഡിയ.'ടൊറന്റോ തന്റെ വീടാണെന്ന്' പറയുന്ന അക്ഷയ്‍യുടെ ഒരു പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. ടൊറന്റോയിലെ ജനങ്ങളോട് അക്ഷയ് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ.
എനിക്കൊരു കാര്യം മാത്രമേ പറയാനുള്ളൂ. ''ടൊറന്‍റോ എന്‍റെ വീടാണ്. ഇൻഡസ്ട്രിയിൽനിന്നും വിരമിച്ചാൽ താൻ ഇങ്ങോട്ടാണ് വരാൻ പോകുന്നതെന്നും ഇവിടെയാണ് താമസിക്കുകയുമെന്നും അക്ഷയ് വീഡിയോയിൽ പറയുന്നു. വീഡിയോ പുറത്ത് വന്നതോടെ താരത്തിനെതിരെ പ്രതിക്ഷേധം ശക്തമാണ്. കള്ള രാജ്യ സ്നേഹി, നുണയൻ എന്നൊക്കെയാണ് അക്ഷയ് കുമാറിനെ ആളുകൾ വിളിക്കുന്നത്.
കഴിഞ്ഞ ദിവസം എന്താണ് വോട്ട് ചെയ്യാത്തതതെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് താരം തന്റെ കനേഡിയന്‍ പൗരത്വത്തെക്കുറിച്ച് വീണ്ടും പറഞ്ഞത്. തനിക്ക് കനേഡിയൻ പൗരത്വമുള്ള വിവരം നിഷേധിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ‌്തിട്ടില്ലന്ന് അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു.
താൻ ഏഴ് വർഷമായി കാനഡ സന്ദർശിച്ചിട്ടില്ലെന്നതും അതേപോലെ സത്യമാണെന്നും അക്ഷയ് പറഞ്ഞു. എല്ലാ നികുതിയും ഒടുക്കി ഇന്ത്യയിൽ ജോലി ചെയ്യുകയാണ് താനെന്നും താരം കുറിച്ചു. മോദിയെ സ്വകാര്യ വാർത്താ ഏജൻസിക്കായി അഭിമുഖം ചെയ്തതോടെയാണ് അക്ഷയ് കുമാറിന്റെ പൗരത്വ വിഷയം ചർച്ചകളിൽ നിറഞ്ഞത്.
