അമ്മക്ക് പിറന്നാൾ ആശംസകളുമായി അക്ഷയ.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അക്ഷയ. 'അളിയന്‍സ്' പരമ്പരയിൽ മഞ്ജു പത്രോസിന്റെ മകളുടെ വേഷത്തില്‍ അഭിനയിക്കുന്നത് അക്ഷയയാണ്. ഇപ്പോഴിതാ തന്റെ സ്വന്തം അമ്മയ്ക്ക് ജൻമദിനാംശസകൾ നേർന്ന് എത്തിയിരിക്കുകയാണ് അക്ഷയ.

''ഏറ്റവും സുന്ദരിയായ എന്റെ അമ്മയ്ക്ക്.... അമ്മ എവിടെയുണ്ടോ, അവിടെയാണ് എന്റെ വീട് എന്ന് ഞാന്‍ പറയുന്നത് പൂര്‍ണമായും സത്യമാണ്. നമ്മള്‍ എപ്പോഴും വഴക്കിടാറുണ്ടെന്ന് എനിക്കറിയാം, അത് നമ്മുടെ ബന്ധത്തിലെ ഒഴിവാക്കാനാകാത്ത ഒരു ഭാഗം പോലെയാണ്. എങ്കിലും, വാക്കുകള്‍ക്ക് അപ്പുറമായി ഞാന്‍ അമ്മയെ സ്‌നേഹിക്കുന്നുണ്ടെന്ന് അമ്മ അറിയണം. എന്നില്‍ നിന്ന് എന്തെങ്കിലും വേദനിപ്പിക്കുന്ന പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍, എന്നോട് ക്ഷമിക്കണം.

ചില സമയങ്ങളില്‍ അമ്മ കുറച്ച് സ്ട്രിക്റ്റ് ആകാറുണ്ടെങ്കിലും, അമ്മയോട് കൂട്ടുകാരോടെന്ന പോലെ സംസാരിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. അമ്മയുടെ ജീവിതത്തിലുണ്ടായ മനോഹരമായ മാറ്റങ്ങള്‍ക്കെല്ലാം സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. എനിക്കൊപ്പം എപ്പോഴും താങ്ങായി നിന്നതിനും, എന്നോടൊപ്പം വളര്‍ന്നതിനും, അമ്മയുടെ സാന്നിധ്യം കൊണ്ട് എന്റെ ജീവിതം ഇത്രയും മനോഹരമാക്കിയതിനും ഒരുപാട് നന്ദി. ലോകത്തിലെ ഏറ്റവും സുന്ദരിയായ അമ്മയ്ക്ക്, എന്റെ തണലിന്, എന്റെ ഏറ്റവും നല്ല കൂട്ടുകാരി കൂടിയായ എന്റെ അമ്മയ്ക്ക്... ജന്മദിനാശംസകള്‍..'', എന്നാണ് അമ്മക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാൾ ആശംസയായി അക്ഷയ കുറിച്ചത്.

തനിക്ക് രണ്ട് അമ്മമാരാണ് ഉള്ളതെന്ന് മഞ്ജു പത്രോസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മുൻപ് അക്ഷയ കുറിച്ചിരുന്നു. 'എനിക്ക് രണ്ട് അമ്മമാരുണ്ട് - ഒന്ന് എനിക്ക് ജന്മം നല്‍കി എന്നെ വളര്‍ത്തിയ അമ്മ, മറ്റൊന്ന് ജീവിതം എനിക്ക് സമ്മാനമായി നല്‍കിയ അമ്മ. സ്വന്തം മകളെപ്പോലെ എന്നെ സ്‌നേഹിക്കാനും എന്റെ വാക്കുകള്‍ കേള്‍ക്കാനും ഞാന്‍ പരിഗണിക്കപ്പെടുന്നു എന്ന് തോന്നിപ്പിക്കാനും ആ വ്യക്തിക്ക് സാധിച്ചു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ എന്റെ മറ്റൊരു അമ്മയാണ്'', എന്നാണ് മഞ്ജുവിനെക്കുറിച്ച് അക്ഷയ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക