'1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്റെ  പൂജ ചടങ്ങുകൾ പ്രഖ്യാപിച്ച് സംവിധായകന്‍ അലി അക്ബര്‍. പൂജ, സ്വിച്ച് ഓൺ, ഗാന സമർപ്പണ ചടങ്ങുകളെല്ലാം ഒന്നിച്ചാണ് നടക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നതെന്ന് അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു. 

സ്വാമി ചിദാനന്ദപുരിയുടെ കാർമിത്വത്തിലാണ് ചടങ്ങുകൾ നടക്കുകയെന്നും ചിത്രത്തിനുവേണ്ടി ഇതുവരെ ലഭിച്ച സഹകരണവും പിന്തുണയും ഇനിയും ഉണ്ടാകണമെന്നും അലി അക്ബർ കുറിക്കുന്നു. 

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആത്മ മിത്രമേ,
നാം സ്വപ്നം കണ്ട ഉദ്യമം സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്.1921പുഴമുതൽ പുഴവരെയുടെ പൂജ, സ്വിച്ച് ഓൺ,ഗാന സമർപ്പണം എന്നിവ ഫെബ്രുവരി രണ്ടാം തീയ്യതി പൂജനീയ സ്വാമി ചിദാനന്ദപുരിയുടെ കാർമ്മികത്വത്തിൽ നടക്കുകയാണ്. നിലവിലുള്ള പരിതസ്‌ഥിതിയിൽ വിപുലമായ രീതിയിൽ നടത്താൻ കഴിയില്ല എന്നറിയാമല്ലോ. ആയതിനാൽ താങ്കളുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നുവെങ്കിലും സാധ്യമാവാത്തതിനാൽ ഈ ഉദ്യമത്തിൽ ഇതുവരെ എനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നതോടൊപ്പം, പൂജാവേളയിലും തുടർന്നും മനസ്സും പ്രാർത്ഥനയും സഹായവും മമധർമ്മയോടൊപ്പം ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു...
നിങ്ങൾ എന്നിലേൽപ്പിച്ച വിശ്വാസം പരിപൂർണ്ണതയിലേക്കെത്താൻ എന്നോടൊപ്പം ഒരു വലിയ നിര താരങ്ങളും, സാങ്കേതിക പ്രവർത്തകരും തന്നെയുണ്ട്... നമുക്ക് ഇനിയും ഒരുപാട് ദൂരം മുൻപോട്ട് പോവേണ്ടതുണ്ട് കൂടെയുണ്ടാവണം.
സസ്നേഹം
അലി അക്ബർ.

താന്‍റെ സിനിമയില്‍ മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കള്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് അലി അക്ബർ നേരത്തെ അറിയിച്ചിരുന്നു. സിനിമയിലേക്ക് തീരുമാനിച്ചവര്‍ക്ക് അഡ്വാന്‍സ് നല്‍കി കഴിഞ്ഞെന്നും ആദ്യ ഷെഡ്യൂള്‍ ഫെബ്രുവരി 20ന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് ഷെഡ്യൂളുകളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും ആദ്യ ഷെഡ്യൂളിന്‍റെ ലൊക്കേഷന്‍ വയനാട് ആണെന്നും സംവിധായകന്‍ പറഞ്ഞു.

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്.