ഷഹീൻ‌ എഴുതിയ ഐ ഹേവ് നെവർ ബീൻ (അൺ) ഹാപ്പിയർ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ചക്കിടെയായിരുന്നു ആലിയ, ഷഹീന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞത്. 

മുംബൈ: തന്റെ സഹോദരിയുടെ കാര്യത്തിൽ വളരെ കരുതലും സ്നേഹവും കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് ആലിയ ഭട്ട്. കടുത്ത വിഷാദരോ​ഗിയായ സഹോദരി ഷഹീൻ ഭട്ട് കടന്നുപോയ വഴികളെക്കുറിച്ച് മുമ്പും ആലിയ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ, കഴി‍ഞ്ഞ ദിവസം 'വി ദ വിമന്‍' എന്ന ചാനല്‍ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞുക്കൊണ്ടായിരുന്നു ഷഹീനിന്റെ രോഗനാളുകളെക്കുറിച്ച് ആലിയ ഭട്ട് പറഞ്ഞ് തുടങ്ങിയത്. മാനസികാരോഗ്യത്തെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ പ്രത്യേക പരിപാടിയായ വി ദ വിമണിൽ ഷഹീൻ ഭട്ടും അതിഥിയായി എത്തിയിരുന്നു.

ഷഹീൻ‌ എഴുതിയ 'ഐ ഹേവ് നെവർ ബീൻ (അൺ) ഹാപ്പിയർ' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ചക്കിടെയായിരുന്നു ആലിയ, ഷഹീന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞത്. 26 വർഷമായി ഒരുമിച്ചുണ്ടായിട്ടും സഹോദരിക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയത്, അവളെഴുതിയ പുസ്തകത്തിലൂടെയാണെന്ന് ആലിയ പറഞ്ഞു. പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ് ഷഹീന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ വ്യാപ്തിയെത്രയെന്നറിഞ്ഞത്. ഇത്രയും കാലം ഒപ്പമുണ്ടായിട്ടും അതു മനസിലാക്കാന്‍ തനിക്ക് കഴിഞ്ഞില്ല. ഒരു സഹോദരിയെന്ന നിലയിൽ തനിക്കതിൽ വളരെയധികം വേദനയുണ്ടെന്നും താൻ അവളെ മനസിലാക്കാൻ ശ്രമിച്ചില്ലെന്നും ആലിയ കൂട്ടിച്ചേർത്തു.

View post on Instagram

'കുടുംബത്തിലെ ഏറ്റവും കഴിവുളള വ്യക്തിയാണ് ഷഹീർ. എന്നാൽ, ഷഹീന് അതൊരിക്കലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നത് എന്നെ വേദനിപ്പിച്ചിരുന്നു. ഞാൻ ഏറെ സെൻസിറ്റീവായ വ്യക്തയാണ്. പക്ഷെ, ഞാനവളെ മനസ്സിലാക്കാതെ പോയതിൽ എനിക്ക് വളരെ അധികം കുറ്റബോധമുണ്ട്', കരഞ്ഞുക്കൊണ്ടായിരുന്നു ആലിയ തന്റെ വാക്കുകൾ പൂർത്തിയാക്കിയത്.

View post on Instagram

കഴിഞ്ഞ വര്‍ഷത്തെ ലോകമാനസികാരോഗ്യദിനത്തിലാണ് തന്റെ ആദ്യ പുസ്തകമായ 'ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍' ഷഹീൻ ഭട്ട് പുറത്തിറക്കിയത്. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്ന താൻ ജീവനൊടുക്കാൻവരെ ശ്രമിച്ചിരുന്നതായി ഷഹീൻ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ രോഗത്തെക്കുറിച്ചും രോഗാവസ്ഥയില്‍ താന്‍ കടന്നു പോയ നാളുകളെ കുറിച്ചുമാണ് ഷഹീൻ പുസ്തകത്തിലൂടെ തുറന്നുപറഞ്ഞത്.