ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുൻ സെക്രട്ടറി വേദിക ഷെട്ടി 76.9 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ അറസ്റ്റിലായി.
മുംബൈ: 76.9 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി വേദിക ഷെട്ടിയെ ജുഹു പോലീസ് അറസ്റ്റ് ചെയ്തു. 2021 മുതൽ 2024 വരെ ആലിയയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന വേദിക അഞ്ച് മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ബെംഗളൂരുവിൽ നിന്ന് പിടിയിലായത്.
ആലിയയുടെ അമ്മയും നടിയും സംവിധായികയുമായ സോനി റസ്ദാൻ ഈ വർഷം ജനുവരിയിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. 2022 മെയ് മുതൽ 2024 ഓഗസ്റ്റ് വരെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ ആലിയയുടെ വ്യക്തിഗത അക്കൗണ്ടുകളിൽ നിന്നും അവരുടെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുമാണ് വേദിക പണം തട്ടിയെടുത്തു എന്നാണ് കേസ്.
യാത്രാ ചെലവുകൾ, മീറ്റിംഗുകൾ തുടങ്ങിയവയ്ക്കായി വ്യാജ ബില്ലുകള്‍ സൃഷ്ടിച്ച് ആലിയയുടെ ഒപ്പ് വാങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. വിവിധ ആപ്പുകൾ ഉപയോഗിച്ച് ഈ ഇൻവോയ്സുകൾ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ തയ്യാറാക്കിയിരുന്നു.
ആലിയയുടെ ഒപ്പ് ലഭിച്ച ശേഷം, പണം ഒരു സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും അവിടെ നിന്ന് വേദികയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു രീതി. “സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം തിരികെ വേദികയ്ക്ക് മാത്രമാണ് ലഭിച്ചതെന്നും അവർക്ക് മറ്റ് ആർക്കും ഈ തുകയിൽ പങ്കില്ലെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല” ജുഹു പോലീസ് സ്റ്റേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പരാതി ലഭിച്ചതിന് പിന്നാലെ വേദിക ഒളിവിൽ പോവുകയും രാജസ്ഥാൻ, കർണാടക, പൂനെ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയും ചെയ്തു. ഒടുവിൽ ബെംഗളൂരുവിൽ നിന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. അറസ്റ്റിന് ശേഷം മുംബൈയിലേക്ക് അഞ്ച് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡിൽ കൊണ്ടുവന്ന വേദികയെ ജൂലൈ 10 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭാരതീയ ന്യായ സംഹിതയിലെ 316(4) (ക്രിമിനൽ വിശ്വാസവഞ്ചന), 318(4) (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


