നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കലിന്‍റെ വിവാഹനിശ്ചയമായിരുന്നു ഇന്ന്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു. ഇരുകുടുംബങ്ങളുടെയും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. പ്രത്യേക അതിഥികളായി എലീനയുടെ ബിഗ് ബോസ് സുഹൃത്തുക്കളില്‍ പലരും എത്തി.

രേഷ്‍മ നായര്‍, അലസാന്‍ഡ്ര, മഞ്ജു പത്രോസ്, പരീക്കുട്ടി, സുരേഷ് കൃഷ്‍ണന്‍, പ്രദീപ് ചന്ദ്രന്‍, ബിഗ് ബോസ് മലയാളം ഒന്നാം സീസണ്‍ താരമായിരുന്ന ദിയ സന എന്നിവരൊക്കെ ചടങ്ങിന് എത്തിയിരുന്നു. 

ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീന വിവാഹത്തിലേക്ക് കടക്കുന്നത്. എലീനയുടെ 15-ാം വയസില്‍ ആരംഭിച്ച പ്രണയമാണ് 21-ാം വയസില്‍ വിവാഹത്തിലേക്ക് എത്തുന്നത്. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്‍. തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തിയത്. അവിടുത്തെ സുഹൃത്തുക്കളോടായിരുന്നു എലീനയുടെ തുറന്നുപറച്ചില്‍. വരന്‍ മറ്റൊരു വിഭാഗത്തില്‍ നിന്നുവരുന്ന ആളാണെന്നും മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമേ തങ്ങള്‍ വിവാഹിതരാവൂ എന്നും എലീന അന്ന് പറഞ്ഞിരുന്നു.

 എന്നാല്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച എലീനയുടെ വീട്ടുകാര്‍ പിന്നീട് വിവാഹത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം ഏഷ്യാനെറ്റിന്‍റെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വേദിയില്‍ വച്ചാണ് എലീന തങ്ങളുടെ വിവാഹം തീരുമാനിച്ചതായി അറിയിച്ചത്. ഭക്ഷണത്തോടും വാഹനങ്ങളോടുമടക്കം തന്‍റെ പല അഭിരുചികളും പങ്കുവെക്കുന്ന ആളാണ് എന്നാണ് എലീന അന്ന് രോഹിത്തിനെ പരിചയപ്പെടുത്തിയത്.