Asianet News MalayalamAsianet News Malayalam

'ഹിന്ദിയിലും തമിഴിലും ജോണ്‍ ഹോനായി ആയി അവര്‍ക്ക് റിസബാവയെ മതിയായിരുന്നു, പക്ഷേ'; ആലപ്പി അഷറഫ് പറയുന്നു

"ഞാനായിരുന്നു  അവർക്കൊക്കെ വേണ്ടി റിസബാവയുമായി അന്നു സംസാരിച്ചിരുന്നത്. ഞാൻ നേരിൽ കണ്ടു സംസാരിക്കാൻ മദിരാശിയിൽ നിന്നും അദ്ദേഹത്തിന്‍റെ ഷൂട്ടിംഗ് സ്ഥലമായ പാലക്കാട്ടെത്തി"

alleppey ashraf remembers rizabawa and his character john honai of in harihar nagar
Author
Thiruvananthapuram, First Published Sep 13, 2021, 10:14 PM IST
  • Facebook
  • Twitter
  • Whatsapp

അന്തരിച്ച ചലച്ചിത്രതാരം റിസബാവയ്ക്ക് ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടിക്കൊടുത്ത കഥാപാത്രം സിദ്ദിഖ്-ലാലിന്‍റെ 'ഇന്‍ ഹരിഹര്‍ നഗറി'ലെ 'ജോണ്‍ ഹോനായ്' എന്ന വില്ലനായിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റ് ആയ സമയത്ത് പല ഭാഷകളിലെയും നിര്‍മ്മാതാക്കള്‍ റൈറ്റ്സിനായി സമീപിച്ചപ്പോള്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനായി റിസബാവയെത്തന്നെയാണ് അന്വേഷിച്ചതെന്ന് പറയുന്നു നിര്‍മ്മാണത്തില്‍ പങ്കാളിത്തമുണ്ടായിരുന്ന സംവിധായകന്‍ ആലപ്പി അഷറഫ്. പക്ഷേ ആ അവസരങ്ങള്‍ റിസബാവ സ്വീകരിച്ചില്ലെന്നും അഷറഫ് ഓര്‍മ്മിക്കുന്നു.

ആലപ്പി അഷറഫിന്‍റെ കുറിപ്പ്

ബഹുകേമൻമാരായ നായകൻമാരെക്കാളേറെ കയ്യടി നേടിയൊരു വില്ലൻ... മലയാള സിനിമയിൽ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും. ഒരിക്കൽ ആ നടന്‍റെ കണ്ണുകൾ  നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോർക്കുന്നു. റിസബാവ നമ്മെ വിട്ടുപിരിഞ്ഞ ഈ സന്ദർഭത്തിൽ ഒരിക്കൽ കൂടി ഞാനതോർത്തു പോകുന്നു. ഇൻ ഹരിഹർ നഗർ ഹിറ്റായി കത്തിനിലക്കുന്ന കാലം. ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചർച്ചാ കേന്ദ്രമാക്കി. വില്ലൻ ഒരു തരംഗമായി മാറുന്ന അപൂർവ്വ കാഴ്ച. ഇൻ ഹരിഹർ നഗറിന്‍റെ നിർമ്മാണത്തിൽ ഞാനും ഒരു പങ്കാളിയായിരുന്നു. പടം ഒരു തരംഗമായപ്പോൾ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഈച്ചിത്രം റീമേക്ക് ചെയ്യാൻ നിർമ്മാതക്കൾ മുന്നോട്ട് വന്നു. കഥ വിൽക്കാനുള്ള Power of attorney സിദ്ദിഖ്-ലാൽ എന്‍റെ പേരിലായിരുന്നു എഴുതിവച്ചിരുന്നത്. ഇക്കാരണത്താൽ കഥയ്ക്കായി എന്നെയാണ് പലരും സമീപിച്ചിരുന്നത്.

ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമക്കിയത്, നിർമ്മാതാവ് ബപ്പയ്യയുടെ വമ്പൻ കമ്പനി... ഒറ്റ നിബന്ധന മാത്രം, ഞങ്ങൾക്ക് വില്ലൻ റിസബാവ തന്നെ മതി. തെലുങ്കിൽ ഹിറ്റ് മേക്കർ നിർമ്മാതാവ് ഗോപാൽ റെഡ്ഡി കഥയ്ക്ക് ഒപ്പം ആവശ്യപ്പെട്ടത്, ജോൺ ഹോനായ് എന്ന റിസബാവയുടെ ഡേറ്റ് കൂടിയായിരുന്നു. തമിഴിൽ നമ്പർ വൺ നിർമ്മാതാവ് സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ചൗധരി അടിവരയിട്ടു പറയുന്നു വില്ലൻ അതേയാൾ തന്നെ മതി. കന്നഡക്കാർക്കും വില്ലനായി റിസബാവയെ തന്നെ വേണം... അഭിനയ ജീവതത്തിൽ ഒരു നടനെ, തേടിയെത്തുന്ന അപൂർവ്വ ഭാഗ്യം. 

പക്ഷേ നിർഭാഗ്യവശാൽ റിസബാവ ഈ അവസരങ്ങൾ ഒന്നും സ്വീകരിച്ചില്ല. ഞാനായിരുന്നു  അവർക്കൊക്കെ വേണ്ടി റിസബാവയുമായി അന്നു സംസാരിച്ചിരുന്നത്. ഞാൻ നേരിൽ കണ്ടു സംസാരിക്കാൻ മദിരാശിയിൽ നിന്നും അദ്ദേഹത്തിന്‍റെ ഷൂട്ടിംഗ് സ്ഥലമായ പാലക്കാട്ടെത്തി. നിർഭാഗ്യം... അന്നെന്തുകൊണ്ടോ ആ കൂടിക്കാഴ്ച നടന്നില്ല. റിസബാവയ്ക്കായി വിവിധ ഭാഷകളിൽ മാറ്റിവച്ച ആ വേഷങ്ങളിൽ മറ്റു പല നടന്മാരും മിന്നിത്തിളങ്ങി. കാലങ്ങൾ കഴിഞ്ഞ്, ഒരിക്കൽ ഞാൻ റിസബാവയോട് സ്നേഹപൂർവ്വം അതേക്കുറിച്ചാരാഞ്ഞു. എത്ര വിലപിടിച്ച അവസരങ്ങളാണ് അന്നു നഷ്ടപ്പെടുത്തിയതെന്ന് ഇപ്പോൾ തിരിച്ചറിയുന്നില്ലേ? ഒരു നിമിഷം റിസബാവ മൗനമായിനിന്നു. അന്ന് ആ അവസരങ്ങൾ സ്വീകരിച്ചിരുന്നങ്കിൽ... ഹിന്ദിയിലും തെലുങ്കിലും, തമിഴ് കന്നഡ തുടങ്ങിയ പല ഭാഷകളിലും എത്രയോ അവസങ്ങളൾ താങ്കളെ തേടി വന്നേനെ. ഒരു പക്ഷേ ഇന്ത്യയിലാകെ അറിയപ്പെടുന്ന ഒരു മികച്ച നടനാകാനുള്ള അവസരങ്ങളാണ് താങ്കൾ വേണ്ടന്നുവച്ചത്.. 

നനഞ്ഞ കണ്ണുകളോടെ  റിസബാവ അന്ന് അതെന്നോട് പറഞ്ഞു, "എന്‍റെയൊപ്പം നടന്ന വിശ്വസ്ത സ്നേഹിതൻ എന്നെ വഴി തെറ്റിച്ചതാണിക്കാ...". ഒരു നിമിഷം ഞാനൊന്നു പകച്ചു. "നിന്നെക്കൊണ്ടു മാത്രമാണ് ഹരിഹർ നഗർ ഓടിയത്, നീയില്ലെങ്കിൽ ആ സിനിമ ഒന്നുമല്ല.. ". ഏതു ഭാഷയാണങ്കിലും വമ്പൻ നടന്മാരുടെ കൂടെ ഇനി അഭിനയിച്ചാൽ മതി, ആ അവസരങ്ങൾ ഇനിയും നിന്നെ തേടി വരും. ഞാനത് വിശ്വസിച്ചു പോയി ഇക്കാ". ഏതവനാ അവൻ, ഞാൻ  ക്ഷോഭത്തോടെ  ചോദിച്ചു. റിസബാവ തന്നെ വഴിതെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു. ആ പേരുകേട്ട് ഞാൻ ഞെട്ടിപ്പോയി. റിസബാവയെ വഴി തെറ്റിച്ച അയാൾ എന്‍റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു. ഒരിക്കലും തിരികെ ലഭിക്കാതെപോയ ആ അവസങ്ങൾ പോലെ- ഇനി ഒരിക്കലും തിരിയെ വരാനാകാത്ത ലോകത്തേക്ക് പ്രിയപ്പെട്ട റിസബാവ മടങ്ങിക്കഴിഞ്ഞു. ആദരാഞ്ജലികൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios