വിജയ്‍യുടെ ജനനായകന്‍ എന്ന ചിത്രം പൊങ്കല്‍ റിലീസില്‍ നിന്ന് പിന്മാറിയതോടെ തമിഴ് സിനിമയില്‍ അപ്രതീക്ഷിത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്
തമിഴ് സിനിമയുടെ ഏറ്റവും വലിയ സീസണ്‍ ആണ് പൊങ്കല്‍. എന്നാല്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് അപ്രതീക്ഷിത പ്രതിസന്ധിയാണ് ഇത്തവണത്തെ പൊങ്കലിന് ഉടലെടുത്തത്. വിജയ്‍യുടെ അവസാന ചിത്രം എന്ന നിലയില്‍ വമ്പന്‍ ഹൈപ്പോടെ എത്തിയ ജനനായകന്‍ സെന്‍സര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് റിലീസ് ചെയ്യാനാവാതെ വന്നതോടെയാണ് ഇത്. ഇതോടെ ഒറ്റ ചിത്രത്തിലേക്ക്- ശിവകാര്‍ത്തികേയന്‍ നായകനാവുന്ന പരാശക്തി- തമിഴകത്തിന്‍റെ ഇത്തവണത്തെ പൊങ്കല്‍ ചുരുങ്ങുകയും ചെയ്തു. എന്നാല്‍ സൃഷ്ടിക്കപ്പെട്ട ഈ വലിയ അവസരം ഉപയോഗപ്പെടുത്തുന്നതിനായി പല നിര്‍മ്മാതാക്കളും ശ്രമിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഒരു ചിത്രം പൊങ്കല്‍ റിലീസ് ഉറപ്പിച്ചിരിക്കുകയുമാണ്. 9 വര്‍ഷം മുന്‍പ് ചിത്രീകരിച്ച ഒരു സിനിമയാണ് പുതിയ സാഹചര്യത്തില്‍ ആദ്യ റിലീസിനായി ഒരുങ്ങുന്നത്.
2017 ല്‍ ചിത്രീകരണം
സന്താനത്തെ നായകനാക്കി ആനന്ദ് ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ച സെര്‍വര്‍ സുന്ദരം എന്ന ചിത്രമാണ് പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ഈ സിനിമയുടെ ചിത്രീകരണം 2017 ല്‍ നടന്നതാണ്. എന്നാല്‍ എല്ലാ ജോലികളും പൂര്‍ത്തിയായത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. എന്നാല്‍ പല കാരണങ്ങളാല്‍ റിലീസ് നീളുകയായിരുന്നു. ഈ ചിത്രമാണ് ജനനായകന്‍ ഒഴിച്ചിട്ട പൊങ്കല്‍ സാധ്യതകള്‍ പരീക്ഷിക്കാനായി തിയറ്ററുകളിലേക്ക് എത്തുന്നത്. നിര്‍മ്മാതാക്കള്‍ തന്നെയാണ് ചിത്രം പൊങ്കലിന് എത്തുമെന്ന് സൂചിപ്പിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്. കൃത്യമായ റിലീസ് തീയതി പറഞ്ഞിട്ടില്ലെങ്കിലും 14 ന് ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ട്.
കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ വൈഭവി ശാണ്ഡില്യ, ബിജേഷ്, കിരണ്‍ റാത്തോഡ്, രാധ രവി, കിറ്റി, മായ എസ് കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കെനന്യ ഫിലിംസ്, മിറാക്കിള്‍ മൂവീസ് എന്നീ ബാനറുകളാണ് നിര്‍മ്മാണം. നാഗേഷ് നായകനായ, 1964 ല്‍ പുറത്തിറങ്ങിയ പ്രശസ്ത ചിത്രത്തിന്‍റെ അതേ പേരിലാണ് എത്തുന്നതെങ്കിലും പേരില്‍ മാത്രമേ സന്താനം ചിത്രത്തിന് സാമ്യമുള്ളൂ. 12 വര്‍ഷം പെട്ടിയിലിരുന്നതിന് ശേഷം കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ, വിശാല്‍ നായകനായ തമിഴ് ചിത്രം മദ ഗജ രാജ വലിയ വിജയം നേടിയിരുന്നു. അത്തരത്തില്‍ ഒരു വിജയം സെര്‍വര്‍ സുന്ദരം നേടുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കോളിവുഡ്.



