അഖണ്ഡ 2ന്റെ ഫൈനല്‍ കളക്ഷൻ.
നന്ദമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രമാണ് അഖണ്ഡ 2. ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ അഖണ്ഡയുടെ രണ്ടാം ഭാഗമായി ഒരുങ്ങിയ ചിത്രം വലിയ ഹൈപ്പിലാണ് തിയറ്ററുകളിൽ എത്തിയത്. പക്ഷേ സമ്മിശ്ര പ്രതികരണവും ട്രോളുകളുമാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നിരുന്നാലും ഭേദപ്പെട്ട കളക്ഷൻ ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അടുത്തിടെ അഖണ്ഡ 2 ഒടിടിയിലേക്ക് എത്തിയിരുന്നു. ജനുവരി 9നാണ് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചത്. നെറ്റ്ഫ്ലിക്സിലൂടെയാണ് അഖണ്ഡ 2വിന്റെ സ്ട്രീമിംഗ് . തിയറ്റർ റിലീസ് കഴിഞ്ഞ് 28-ാം ദിവസമാണ് അഖണ്ഡ 2 ഒടിടിയിൽ എത്തിയത്. ബോയപതി ശ്രീനു രചനയും സംവിധാനം നിർവഹിച്ച ചിത്രമാണ് അഖണ്ഡ 2. ഡിസംബർ 12ന് ആയിരുന്നു റിലീസ്.
ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 123.8 കോടിയാണ് അഖണ്ഡ 2വിന്റെ ഫൈനൽ കളക്ഷൻ. ബജറ്റ് 200 കോടിയും. ഇന്ത്യ നെറ്റ് കളക്ഷൻ 94.45 കോടിയും ഗ്രോസ് കളക്ഷൻ 111.45 കോടിയുമാണ്. വിദേശത്ത് നിന്നും 12.35 കോടി രൂപയും അഖണ്ഡ 2 നേടിയിട്ടുണ്ട്. നന്ദമുരി ബാലകൃഷ്ണ, സംയുക്ത മേനോൻ, ആദി പിനിസെട്ടി, ഹർഷാലി മൽഹോത്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. തമൻ എസ് സംഗീതസംവിധാനവും സി രാംപ്രസാദ് ഛായാഗ്രഹണവും തമ്മിരാജു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്‍ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് "അഖണ്ഡ 2: താണ്ഡവം", ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ച ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഇമോഷനും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രതികരണങ്ങള്‍. രണ്ട് വ്യത്യസ്‍ത ഗെറ്റപ്പിൽ ആണ് ഈ ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്‍ണ എത്തിയത്. ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്‍ണയുടെ പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
