അല്ലു അര്‍ജുന്‍റെ കരിയറിലെ 22-ാം ചിത്രം
കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആണ് പുഷ്പ ഫ്രാഞ്ചൈസിയിലൂടെ അല്ലു അര്‍ജുന് ലഭിച്ചത്. ഏതൊരു അഭിനേതാവും സ്വപ്നം കാണുന്നതിന് അപ്പുറമുള്ള ബ്രേക്ക് ആയിരുന്നു അത്. പുഷ്പയിലൂടെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് അത്രമേല്‍ പരിചിതമായി അല്ലു അര്‍ജുന്‍ എന്ന പേര്. ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ചതുപോലെയുള്ള നേട്ടമാണ് പുഷ്പയിലൂടെ അല്ലുവിനും ഉണ്ടായത്. അല്ലുവിന്‍റേതായി വരാനിരിക്കുന്ന അടുത്ത ചിത്രവും അദ്ദേഹത്തിന് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. ജവാന്‍ അടക്കമുള്ള ചിത്രങ്ങളിലൂടെ വന്‍ ഹിറ്റുകള്‍ സമ്മാനിച്ച ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
അല്ലു അര്‍ജുന്‍റെ കരിയറിലെ 22-ാമത്തേതും ആറ്റ്ലിയുടെ കരിയറിലെ ആറാമത്തേതുമായ സിനിമയുടെ ചിത്രീകരണം ജൂണ്‍ 12 ന് മുംബൈയില്‍ ആരംഭിച്ചു. പൂജ ചടങ്ങിന് ശേഷമാണ് പ്രധാന ചിത്രീകരണം ആരംഭിച്ചത്. മൃണാള്‍ താക്കൂറും ദീപിക പദുകോണും ചിത്രത്തില്‍ അല്ലുവിനൊപ്പം അഭിനയിക്കുന്നുണ്ട്. മൃണാള്‍ ചിത്രീകരണത്തില്‍ പങ്കെടുത്തു തുടങ്ങിയെങ്കിലും ദീപിക എത്തിയിട്ടില്ല. മാസ് അപ്പീല്‍ ഉള്ള ആക്ഷന്‍ ഡ്രാമയാണ് ചിത്രം എന്നാണ് കരുതപ്പെടുന്നത്.
ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍ പിക്ചേഴ്സ് ആണ്. ഒരു പാരലല്‍ യൂണിവേഴ്സിന്‍റെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക. ഇതിലൊന്ന് മിക്കവാറും ഒരു അനിമേറ്റഡ് കഥാപാത്രം ആയിരിക്കും. ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചെലവഴിക്കുന്നത്.
കരിയറിലെ ആറാം ചിത്രത്തിന് ആറ്റ്ലി ഈടാക്കുന്ന പ്രതിഫലം 100 കോടിയാണ്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക. ഒപ്പം ലാഭത്തിന്‍റെ 15 ശതമാനം വിഹിതവും അല്ലുവിന് ലഭിക്കും. ആഗോള ശ്രദ്ധ ലഭിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്ന രീതിയിലാണ് ആറ്റ്ലി ഈ ചിത്രം ഡിസൈന്‍ ചെയ്യുന്നത് എന്നാണ് അറിയുന്നത്. ഹോളിവുഡിനെ പ്രമുഖ സ്റ്റുഡിയോകളാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് നിര്‍വ്വഹിക്കുന്നത്. അതേസമയം ബജറ്റ് നോക്കുമ്പോള്‍ രാജമൗലിയുടെ പുതിയ ചിത്രത്തേക്കാള്‍ ചെറുതാണ് എഎ 22 x എ6 (അല്ലു അര്‍ജുന്‍റെ 22-ാം ചിത്രവും ആറ്റ്ലിയുടെ ആറാം ചിത്രവും) എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ്. മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ബജറ്റ് 1000 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.

