അല്ലു അർജുന്റെ പഴയ ചിത്രമായ 'ഹാപ്പി' കേരളത്തിൽ 4K-യിൽ റീ-റിലീസ് ചെയ്തപ്പോൾ വൻ തരംഗമായി. താരത്തിന് കേരളത്തിലുള്ള വലിയ ജനപ്രീതി തെളിയിച്ചുകൊണ്ട്, തിയേറ്ററുകളിൽ ഉത്സവലഹരിയോടെയാണ് പ്രേക്ഷകർ സിനിമയെ വരവേൽക്കുന്നത്.

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന് കേരളത്തിലുള്ള ജനപ്രീതി എത്രത്തോളമാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട്, താരത്തിന്റെ 'ഹാപ്പി' എന്ന ചിത്രത്തിന്റെ റീ-റിലീസ് തിയറ്ററുകളിൽ വൻ തരംഗമാവുന്നു. മലയാളികൾക്കിടയിൽ മറ്റൊരു മറുനാടൻ നടനും ലഭിക്കാത്ത വിധത്തിലുള്ള വൻ വരവേൽപ്പാണ് 20 വർഷം പഴക്കമുള്ള ഈ ചിത്രത്തിന് ഇപ്പോൾ കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. റീ-റിലീസ് ചെയ്ത ആദ്യ ദിനം മുതൽക്കേ തിയറ്ററുകൾ ഒന്നടങ്കം ഉത്സവലഹരിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എ. കരുണാകരൻ സംവിധാനം ചെയ്ത് 2006-ലാണ് 'ഹാപ്പി' ആദ്യമായി റിലീസ് ചെയ്യുന്നത്. അക്കാലത്ത് കേരളത്തിൽ മാത്രം തുടർച്ചയായി 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് ഈ ചിത്രം വലിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തിയപ്പോൾ, ആദ്യമായി സിനിമ കാണുന്ന അതേ ആവേശത്തിലാണ് മലയാളി പ്രേക്ഷകർ തിയറ്ററുകളിലേക്ക് ഇരച്ചെത്തുന്നത് മലയാളികളുടെ മല്ലു അർജ്ജുനെ കാണാൻ.

ചിത്രത്തിലെ എവർഗ്രീൻ പാട്ടുകളും സീനുകളിൽ വരുന്ന അല്ലു അർജുന്റെ മിന്നൽ ഡാൻസുകളും സ്ക്രീനിൽ തെളിയുമ്പോൾ, ആരാധകർ തിയറ്ററുകളിൽ ആർത്തുവിളിക്കുകയും സ്ക്രീനിന് മുന്നിൽ ഒപ്പം നൃത്തം ചെയ്യുകയും ചെയ്യുകയാണ്. ഇതിന്റെ വീഡിയോകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി മാറിക്കഴിഞ്ഞു. സിനിമയിലെ ഡയലോഗുകളും ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

നേരത്തെ മലയാളത്തിൽ മോഹൻലാലിന്റെ 'ഛോട്ടാ മുംബൈ', ',ദേവദൂതൻ' തുടങ്ങിയ ചിത്രങ്ങൾ റീ-റിലീസ് ചെയ്തപ്പോൾ ഉണ്ടായ അതേ ആവേശവും ജനത്തിരക്കുമാണ് ഇപ്പോൾ 'ഹാപ്പി'ക്കും തിയറ്ററുകളിൽ ദൃശ്യമാകുന്നത്. പല തിയറ്ററുകളിലും സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകർ അല്ലു അർജുന് ജയ് വിളിക്കുന്നതും, 'ബണ്ണി കീ ജയ്' എന്ന് ആക്രോശിക്കുന്നതും കാണാം. പഴയ അല്ലു അർജുൻ ചിത്രത്തിന് ഇത്രയും വലിയ ഫാൻ ബേസ് ഇപ്പോഴുമുണ്ടോ എന്ന് അത്ഭുതപ്പെട്ടാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കമന്റുകൾ രേഖപ്പെടുത്തുന്നത്. ഖാദർ ഹസ്സൻ്റെ നേതൃത്വത്തിലുള്ള രഥക്ക് ആർട്‌സിൻ്റെ ബാനറിൽ ആണ് ചിത്രം4K റീ റിലീസ് ചെയ്തിരിക്കുന്നത്. പി.ആർ.ഓ: പി. ശിവപ്രസാദ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming