Asianet News MalayalamAsianet News Malayalam

Allu Arjun : പുകയില പരസ്യത്തിന് 'നോ' പറഞ്ഞ് അല്ലു അര്‍ജുന്‍; നിരസിച്ചത് കോടികളുടെ പ്രതിഫലം

പുഷ്‍പയുടെ വന്‍ വിജയം അല്ലുവിന്‍റെ താരമൂല്യം ഉയര്‍ത്തിയിട്ടുണ്ട്

allu arjun turns down tobacco ad despite being offered crores
Author
Thiruvananthapuram, First Published Apr 20, 2022, 1:11 PM IST

പുഷ്‍പ നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന്‍റെ ആഹ്ളാദത്തിലാണ് ഇപ്പോള്‍ അല്ലു അര്‍ജുന്‍ (Allu Arjun). വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ മുന്‍പും നേടിയിട്ടുണ്ടെങ്കിലും ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഒരു അല്ലു ചിത്രം ഇത്രയും സ്വീകാര്യത നേടുന്നത് ആദ്യമായാണ്. പുഷ്‍പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടിയിലേറെയാണ് നേടിയത്. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ എടുത്ത ഒരു പ്രൊഫഷണല്‍ തീരുമാനം വാര്‍ത്താ പ്രാധാന്യം നേടുകയാണ്. കോടികള്‍ വാദ്ഗാനം ചെയ്യപ്പെട്ട ഒരു പരസ്യത്തില്‍ മോഡല്‍ ആവുന്നതില്‍ നിന്നും അദ്ദേഹം ഒഴിവായതിനെക്കുറിച്ചാണ് അത്.

പുകയില (Tobacco) ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ഒരു ജനപ്രിയ ബ്രാന്‍ഡ് ആണ് തങ്ങളുടെ പുതിയ ക്യാംപെയ്‍നിനുവേണ്ടി അല്ലു അര്‍ജുനെ സമീപിച്ചത്. ടെലിവിഷനിലേക്കുവേണ്ട പരസ്യചിത്രം ഉള്‍പ്പെടെ ഉള്ളതായിരുന്നു ഇത്. എന്നാല്‍ ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു. കോടികളാണ് കമ്പനി അല്ലുവിന് വാഗ്‍ദാനം ചെയ്‍തത്. രണ്ടാമതൊന്ന് ആലോചിക്കാതെയാണ് അല്ലു ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ആളല്ല അല്ലു അര്‍ജുന്‍. ആയതിനാല്‍ അത്തരമൊരു ഉല്‍പ്പന്നത്തിന്‍റെ  പരസ്യ മോഡല്‍ ആവുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പാണ് ഉള്ളതെന്നും അവര്‍ പറയുന്നു. 

അതേസമയം അല്ലു അര്‍ജുന്‍റെ കരിയറിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളില്‍ ഒന്നായി മാറിയിരുന്നു പുഷ്പയിലെ ടൈറ്റില്‍ കഥാപാത്രം. സുകുമാര്‍ സംവിധാനം ചെയ്‍ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ചന്ദനക്കടത്തുകാരനായിട്ടാണ് അല്ലു അര്‍ജുന്‍ അഭിനയിച്ചിരിക്കുന്നത്. പ്രതിനായകനായി എത്തിയത് മലയാളത്തിന്‍റെ ഫഹദ് ഫാസില്‍ ആയിരുന്നു. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. തിയറ്ററുകള്‍ക്ക് പിന്നാലെ ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസ് ആയി എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകള്‍ക്കായി ആമസോണ്‍ പ്രൈം നിര്‍മ്മാതാക്കള്‍ക്ക് 27- 30 കോടി രൂപയാണ് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്‍പ: ദ് റൂള്‍ ആണ് അല്ലുവിന് അടുത്തതായി പൂര്‍ത്തിയാക്കേണ്ടത്. സിനിമയുടെ ഷൂട്ടിംഗ് ജൂണില്‍ തുടങ്ങിയേക്കും. മറ്റു ചില ശ്രദ്ധേയ പ്രോജക്റ്റുകളും അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വേണു ശ്രീറാമിന്‍റെ ഐക്കണ്‍, കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം എന്നിവയ്ക്കൊപ്പം എ ആര്‍ മുരുഗദോസ്, പ്രശാന്ത് നീല്‍, ബോയപ്പട്ടി ശ്രീനു എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലും അല്ലുവാണ് നായകന്‍.

Follow Us:
Download App:
  • android
  • ios