എസ്എസ്ഐ പ്രൊഡക്ഷന്‍സ് ആണ് ഗോള്‍ഡിന്‍റെ തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്

വെറും രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ തന്‍റേതായ ഇടം കണ്ടെത്തിയ അധികംപേര്‍ ഉണ്ടാവില്ല, അല്‍ഫോന്‍സ് പുത്രനെപ്പോലെ. 2013ല്‍ പുറത്തെത്തിയ നേരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അരങ്ങേറ്റം നടത്തിയ അല്‍ഫോന്‍സിന്‍റെ കരിയര്‍ ബ്രേക്ക് ചിത്രം 2015ല്‍ പുറത്തെത്തിയ പ്രേമമായിരുന്നു. ടിക്കറ്റ് കൌണ്ടറുകള്‍ക്കു മുന്നില്‍ റിലീസിന് വാരങ്ങള്‍ക്കു ശേഷവും വലിയ ആള്‍ക്കൂട്ടം സൃഷ്ടിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായും മാറി. ഇപ്പോഴിതാ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്‍ത ചിത്രം ഗോള്‍ഡ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ തമിഴ്‍നാട് വിതരണാവകാശം വിറ്റുപോയി. മികച്ച തുകയാണ് ഈയിനത്തില്‍ ചിത്രം നേടിയിരിക്കുന്നത്.

എസ് എസ് ഐ പ്രൊഡക്ഷന്‍സ് ആണ് ഗോള്‍ഡിന്‍റെ തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 1.25 കോടിക്കാണ് ഇതിന്‍റെ വില്‍പ്പന നടന്നിരിക്കുന്നതെന്ന് ഫില്‍മിബീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മലയാള സിനിമയ്ക്ക് തമിഴ്നാട്ടില്‍ ലഭിക്കുന്ന വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. പ്രേമത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയ്ക്കാണ് ​ഗോള്‍ഡ് ഈ തുക നേടിയിരിക്കുന്നത്. കേരളത്തിനൊപ്പം അല്ലെങ്കില്‍ കേരളത്തിനേക്കാള്‍ ജനപ്രീതി നേടിയിരുന്നു പ്രേമം തമിഴ്നാട്ടില്‍. ചിത്രം 275 ദിവസങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ച തിയറ്ററുകള്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു. പ്രേമം തമിഴ്നാട്ടില്‍ വമ്പിച്ച ജനപ്രീതി നേടിയതിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ തമിഴ് റീമേക്കിനെക്കുറിച്ച് പല അണിയറക്കാരും ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യേണ്ട എന്നായിരുന്നു ഭൂരിഭാ​ഗം പ്രേമം ആരാധകരുടെയും അഭിപ്രായം. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ പോലും നടത്തിയിരുന്നു.

Scroll to load tweet…

പ്രേമത്തിനു മുന്‍പെത്തിയ അല്‍ഫോന്‍സ് പുത്രന്‍ ചിത്രം നേരവും തമിഴ്നാട്ടില്‍ സ്വീകരിക്കപ്പെട്ടിരുന്നു. മലയാളത്തിനൊപ്പം തമിഴിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അല്‍ഫോന്‍സ് പുത്രന്‍ എന്ന സംവിധായകനിലുള്ള വിശ്വാസമാണ് മികച്ച തുക നല്‍കി ​പുതിയ ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങാന്‍ തമിഴ്നാട്ടിലെ വിതരണക്കാരെ പ്രേരിപ്പിച്ചിരിക്കുന്നത്. അതേസമയം പൃഥ്വിരാജ് നായകനാവുന്ന ​ഗോള്‍ഡില്‍ നയന്‍താരയാണ് നായിക. അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

ALSO READ : 14 വാരങ്ങളില്‍ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍; നെറ്റ്ഫ്ലിക്സില്‍ റെക്കോര്‍ഡിട്ട് ആര്‍ആര്‍ആര്‍