ആർക്കും ഭാരമാകാനില്ല! 'സിനിമ ഉപേക്ഷിക്കണമെന്ന് ആഗ്രഹമില്ല, പക്ഷേ എനിക്ക്..'; പോസ്റ്റുമായി അൽഫോൺസ്; ഉടൻ വലിച്ചു
പോസ്റ്റ് പങ്കുവച്ച് അധികം സമയമാകുന്നതിന് മുൻപ് തന്നെ അത് പിൻവലിച്ചിട്ടുണ്ട്.

സിനിമ തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആണ് അൽഫോൺസ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടുപിടിച്ചെന്ന് അൽഫോൺസ് കുറിക്കുന്നു. ആർക്കും ഭാരമാകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു. എന്നാൽ പോസ്റ്റ് പങ്കുവച്ച് അധികം സമയമാകുന്നതിന് മുൻപ് തന്നെ അത് പിൻവലിച്ചിട്ടുണ്ട്. പക്ഷേ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
"ഞാൻ എന്റെ തിയറ്റർ, സിനിമ കരിയർ അവസാനിപ്പിക്കുക ആണ്. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം ഞാൻ സ്വയം കണ്ടെത്തി. ആർക്കും ഭാരമാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഷോർട് ഫിലിമുകളും പാട്ടുകളും ചെയ്യുന്നത് ഞാൻ തുടരും. ഒടിടി വരെ ചിലപ്പോൾ അതുചെയ്യും. സിനിമ ഉപേക്ഷിക്കുക എന്നത് എനിക്ക് ചിന്തിക്കാനാകില്ല. പക്ഷേ വേറൊരു മാർഗവുമില്ല. എനിക്ക് സാധിക്കാത്തൊരു കാര്യം വാഗ്ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ, സിനിമയിലെ ഇന്റർവെൽ പഞ്ചിൽ വരുന്നത് പോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിലും സംഭവിക്കും", എന്നാണ് അൽഫോൺസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
2013ൽ നിവിൻ പോളി നായകനായി എത്തിയ നേരം എന്ന ചിത്രമായിരുന്നു അൽഫോൺസ് പുത്രന്റെ ആദ്യ ചിത്രം. 2015-ൽ പുറത്തിറങ്ങിയ 'പ്രേമം' വൻ പ്രേക്ഷകപ്രീതിയും, നിരൂപകപ്രശംസയും കരസ്ഥമാക്കുകയും ചെയ്തു. പാട്ട് എന്നൊരു മലയാള സിനിമയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.
മറ്റൊരു ഹിറ്റിന് തയ്യാറായിക്കോളൂ; വീണ്ടും മോഹൻലാൽ- ജോഷി കൂട്ടുകെട്ട്, വൻ പ്രഖ്യാപനം
ഗിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന തമിഴ് സിനിമയിൽ ആയിരുന്നു അൽഫോൺസ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചെറിയ കാന്‍വാസില്‍ പൂര്‍ത്തിയാക്കുന്ന ചിത്രത്തില്‍ സാന്‍ഡി, കോവൈ സരള, സഹന സര്‍വേഷ്, മഹാലക്ഷ്മി സുദര്‍ശന്‍, സമ്പത്ത് രാജ്, രാഹുല്‍, ചാര്‍ലി, റേച്ചല്‍ റബേക്ക, ക്രോഫോര്‍ഡ്, ഗോപാലന്‍ പാലക്കാട്, സൈക്കിള്‍ മണി തുടങ്ങിയവർ അഭിനയിക്കുമെന്ന് നേരത്തെ അൽഫോൺസ് അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..