സതീഷ് തൻവി സംവിധാനം ചെയ്യുന്ന 'ഇന്നസെന്റ്' നവംബർ 7-ന് തിയേറ്ററുകളിലെത്തും. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ കോമഡി ചിത്രത്തിൽ, ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ അതിഥി വേഷം ചെയ്യുന്നു.
അൽത്താഫ് സലീം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സതീഷ് തൻവി സംവിധാനം ചെയ്യുന്ന 'ഇന്നസെന്റ്' നവംബർ 7 ന് തിയേറ്ററുകളിൽ എത്തുകയാണ്. മന്ദാകിനി എന്ന ചിത്രത്തിന് ശേഷം അൽത്താഫ്- അനാർക്കലി കോംബോ വീണ്ടുമെത്തുന്നു ചിത്രം കൂടിയാണ് ഇന്നസെന്റ്. കോമഡി എന്റർടെയ്നറായി എത്തുന്ന ചിത്രത്തിൽ ടാൻസാനിയൻ സ്വദേശിയും സോഷ്യൽ മീഡിയ താരവുമായ കിലി പോൾ വേഷമിടുന്നുണ്ട്. മലയാളം സിനിമ പാട്ടുകളുടെ ഇൻസ്റ്റഗ്രാം റീലുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ കിലി പോൾ ആദ്യമായി വേഷമിടുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. കിലി പോൾ ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ...'യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കിലി പോൾ എങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിയത് എന്നതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയാണ് സംവിധായകൻ സതീഷ് തൻവി. ആറ് മാസത്തോളം കിലി പോളുമായി ചാറ്റ് ചെയ്തതിന് ശേഷമാണ് സിനിമയിലേക്ക് കൊണ്ടുവന്നത് എന്നാണ് സതീഷ് തൻവി പറയുന്നത്. ഇന്ത്യ- പാക് യുദ്ധം നടക്കുന്ന സമയത്തായിരുന്നു ചിത്രത്തിൻറെ ഷൂട്ടിങ്ങ് എന്നും, അതുകൊണ്ട് തന്നെ കിലി പോളിന്റെ വിസ ക്ലിയറൻസ് ശരിയാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്നും സതീഷ് തൻവി പറയുന്നു.
'ആറ് മാസത്തോളം ചാറ്റ് ചെയ്തു'
"തിരക്കഥ പൂർത്തിയായപ്പോൾ ഒരു കഥാപാത്രത്തിലേക്ക് ഇൻഫ്ലുവൻസറെ ആവശ്യമായിരുന്നു. വേറെ ഒരാളെ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. ഹിറ്റ് എഫ്എമ്മിൽ മിഥുന്റെ അടുത്ത് കിലി പോൾ വന്നിട്ടുണ്ടായിരുന്നു. മിഥുൻ എന്റെ സുഹൃത്താണ്. അങ്ങനെ അവനാണ് കിലി പോളിന്റെ നമ്പർ തരുന്നത്. അങ്ങനെ ഒരു ആറ് മാസത്തോളം കിലി പോളുമായി ചാറ്റ് ചെയ്തിരുന്നു. ആ സമയത്ത് കുറെ സിനിമകൾ അവന് വന്നിട്ടുണ്ടായിരുന്നു. പക്ഷെ വേറെയൊന്നും കമ്മിറ്റ് ചെയ്യാതെ നമ്മുടെ സിനിമയിലേക്ക് അവൻ വന്നു." സതീഷ് തൻവി പറയുന്നു.
"ചെറിയ ഒരു റോൾ ആണ്. ഒരു കാമിയോ കഥാപാത്രം. അവന് കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു. അവന് വേണ്ടി പാട്ടുണ്ടാക്കി, അവൻ പാടി, ഡാൻസ് ചെയ്യുന്നുണ്ട്. അവന് കൊടുത്ത ജോലി നാന്നായി തന്നെ ചെയ്തു. അവനെ കൊണ്ടുവരാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിലൊക്കെ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. ഇന്ത്യ- പാക് യുദ്ധം നടക്കുന്ന സമയത്താണ് ഇവിടെ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്. അതുകൊണ്ട് വിസ ക്ലിയറൻസ് കിട്ടുമോ എന്ന് സംശയമായിരുന്നു. ഇന്ത്യൻ എംബസി സഹായിച്ചിരുന്നു ടാൻസാനിയൻ എംബസിയും സഹായിച്ചിട്ടുണ്ട്." സതീഷ് തൻവി കൂട്ടിച്ചേർത്തു.
