നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന 'ഇന്നസെന്റ്' എന്ന ചിത്രത്തിൽ അൽത്താഫ് സലിമും അനാർക്കലി മരിക്കാറും പ്രധാന വേഷങ്ങളിലെത്തുന്നു. 

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്ത ചിത്രമാണ് ‘ഇന്നസെന്റ്’. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്‍റെ ട്രെയിലര്‍ അടക്കമുള്ളവ ഏറെ ശ്രദ്ധനേടിയിരുന്നു. മന്ദാകിനി എന്ന ചിത്രത്തിന് ശേഷം അനാർക്കലിയും അൽത്താഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്നസെന്‍റ്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകരും. സോഷ്യൽ മീഡിയ താരവും ടാൻസാനിയൻ സ്വദേശിയുമായ കിലി പോളും ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം റിലീസിന് തയ്യാറെടുക്കുന്നതിനിടെ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനൊപ്പം ചേരുകയാണ് സംവിധായകൻ സതീഷ് തൻവി. 

'ഇന്നസെന്റി'ന്റെ തുടക്കം

വേറെയൊരു പേരായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, ആ പേര് പറയാൻ കഴിയില്ല. അത് പറഞ്ഞാൽ കഥ മനസിലാവും. മാറിമായത്തിന്റെ റൈറ്റർ ആയ ഷിഹാബ് കരുനാഗപ്പള്ളിയിലൂടെയാണ് കഥ രൂപപ്പെടുന്നത്. സറ്റയർ നല്ലപോലെ എഴുതി ശീലിച്ച വ്യക്തിയാണ് അദ്ദേഹം. ഈ കഥ പല വലിയ സംവിധായകരുടെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. അവർക്കൊക്കെ ഇഷ്ടപ്പെട്ടിരുന്നു, പക്ഷെ കുറച്ചുകൂടി സമയം എടുക്കും എന്നുള്ള സ്ഥിതിയായിരുന്നു അപ്പോൾ. അങ്ങനെയാണ് ഞാൻ ഈ കഥ കേൾക്കുന്നത്. പിന്നെ ഞങ്ങൾ ഒരുമിച്ചിരുന്ന് ഒരുപാട് മാറ്റങ്ങൾ വരുത്തി. തിരക്കഥ എഴുതുന്ന ആളായത് കൊണ്ട് തന്നെ ഇതിന്റെ സ്ക്രിപ്റ്റിലേക്ക് ഞാനും വന്നു. ഞാൻ ഉപ്പും മുളകും ഒക്കെ ചെയ്യുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സർജിയും വന്നു. എഴുതി തീർത്തതിന് ശേഷമാണ് ഞങ്ങൾ പേരിടുന്നത്. നിഷ്‌കളങ്കനായ ഒരാൾ എന്ന രീതിയിൽ തന്നെയാണ് ഇന്നസെന്റ് എന്ന പേര് ഉദ്ദേശിച്ചത്. ആളുകൾക്ക് പെട്ടെന്ന് കണക്ട് ആവാൻ മലയാളികൾക്ക് മനസിലാവുന്ന ഒരു പേര് വേണം, ഇന്നസെന്റ് ചേട്ടനെയാണ് ഓർമ്മ വന്നത്. എല്ലാ മലയാളികൾക്കും അറിയാവുന്ന ഒരു പേരല്ലേ അത്. അതുകൊണ്ട് കൂടിയാണ് ആ പേര് തിരഞ്ഞെടുത്തത്. നിഷ്കളങ്കനായ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ഈ സിനിമയിലെ നായകൻ. ഫാമിലി സിനിമയാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ അയാൾക്ക് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സമൂഹത്തിൽ സംഭവിക്കുന്ന ഒരു പ്രശ്നവും അതിനെ പരിഹരിക്കാനായി അയാൾ അതിലേക്ക് ഇറങ്ങി ചെല്ലുന്നതുമാണ് സിനിമയുടെ പ്രമേയം.

അൽത്താഫ് സലിം- അനാർക്കലി കോംബോ

അൽത്താഫിനോടാണ് ആദ്യം കഥ പറയുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് നമ്മുക്കിത് ചെയ്യാം എന്ന് അൽത്താഫ് പറയുന്നത്. ഹ്യൂമർ വർക്കാവാൻ സഹതാരവുമായുള്ള സിങ്ക് വേണം. ഒരു കോമഡി സ്കിറ്റ് ചെയ്‌താൽ പോലും അങ്ങനെയാണ്. സിങ്ക് ആവാത്തവർ തമ്മിൽ ചെയ്‌താൽ വർക്ക് ആവില്ല. പണ്ട് തൊട്ടേ നമ്മൾ കാണുന്നത് അതല്ലേ. അങ്ങനെയാണ് പിന്നെ അനാർക്കലിയിലേക്ക് എത്തുന്നത്. അവർ തമ്മിൽ ആ ഒരു സിങ്ക് നല്ലപോലെയുണ്ട്. സിനിമയിൽ വർക്കായ മറ്റൊരു കോംബോ അൽത്താഫും ജോമോനും തമ്മിലുള്ളതാണ്. ഒരു നായക പരിവേഷം തന്നെയാണ് ജോമോനും ചിത്രത്തിലുള്ളത്. ജോമോന്റെയും അൽത്താഫിന്റെയും ഹ്യൂമർ രണ്ടും രണ്ടാണ്, പക്ഷെ അവർ ഒരുമിച്ചാണ് സിനിമ ട്രാവൽ ചെയ്ത് മുന്നോട്ട് കൊണ്ടുപോവുന്നത്.

ഞാൻ ഏഷ്യാനെറ്റിൽ നിന്നാണ് വന്നത്. ഏഷ്യാനെറ്റിലെ ആദ്യത്തെ സ്റ്റാൻഡ് അപ് കോമഡി ഷോ സ്‌മൈൽ പ്ലീസ് എന്ന പരിപാടിയിൽ മത്സരാർത്ഥിയായാണ് ഞാൻ വന്നത്. ഞാൻ, അഭിക്ക, കല്പന ചേച്ചി അങ്ങനെ കുറെ ആളുകൾ ഉണ്ടായിരുന്നു. അങ്ങനെ വന്നത് കൊണ്ട് തന്നെ പ്രൊഡ്യൂസറായും മറ്റും പ്രോഗ്രാമുകളിൽ സജീവമായിരുന്നു, ഏഷ്യാനെറ്റ് പ്ലസിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരുപാട് പരിപാടികളിൽ പിന്നാമ്പുറങ്ങളിൽ ഉണ്ടായിരുന്നു ആ സമയത്ത് ലഭിച്ച ബന്ധങ്ങളാണ് എല്ലാവരും ഈ കഥാപാത്രം ഇവർക്ക് കൊടുത്താൽ നന്നാവും എന്നൊരു തോന്നൽ അതുകൊണ്ട് തന്നെ ഉണ്ടായിരുന്നു. അൽത്താഫിന്റെ ചേട്ടനായാണ് അസീസ് ഇക്ക വന്നിരിക്കുന്നത്. അദിനാട് ശശി എന്ന നാടക കലാകാരനാണ് അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പിന്നെ വിനീത് തട്ടിൽ, മിഥുൻ രമേശ്, സോഷ്യൽ മീഡിയ താരം സഞ്ജു ലക്ഷ്മി, അശ്വിൻ വിജയൻ, ആർ.ജെ അഞ്ജലി, സുജിത് ഭക്തൻ തുടങ്ങീ ഒരുപാട് താരങ്ങളിലേക്ക് എത്തിപെട്ടത് നമ്മുടെ ബന്ധങ്ങളിലൂടെ തന്നെയാണ്.

കിലി പോളിന്റെ മലയാള അരങ്ങേറ്റം

തിരക്കഥ പൂർത്തിയായപ്പോൾ ഒരു കഥാപാത്രത്തിലേക്ക് ഇൻഫ്ലുവൻസറെ ആവശ്യമായിരുന്നു. വേറെ ഒരാളെ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. ഹിറ്റ് എഫ്എമ്മിൽ മിഥുന്റെ അടുത്ത് കിലി പോൾ വന്നിട്ടുണ്ടായിരുന്നു. മിഥുൻ എന്റെ സുഹൃത്താണ്. അങ്ങനെ അവനാണ് കിലി പോളിന്റെ നമ്പർ തരുന്നത്. അങ്ങനെ ഒരു ആറ് മാസത്തോളം കിലി പോളുമായി ചാറ്റ് ചെയ്തിരുന്നു. ആ സമയത്ത് കുറെ സിനിമകൾ അവന് വന്നിട്ടുണ്ടായിരുന്നു. പക്ഷെ വേറെയൊന്നും കമ്മിറ്റ് ചെയ്യാതെ നമ്മുടെ സിനിമയിലേക്ക് അവൻ വന്നു. ചെറിയ ഒരു റോൾ ആണ്. ഒരു കാമിയോ കഥാപാത്രം. അവന് കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു. അവന് വേണ്ടി പാട്ടുണ്ടാക്കി, അവൻ പാടി, ഡാൻസ് ചെയ്യുന്നുണ്ട്. അവന് കൊടുത്ത ജോലി നാന്നായി തന്നെ ചെയ്തു. അവനെ കൊണ്ടുവരാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിലൊക്കെ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. ഇന്ത്യ- പാക് യുദ്ധം നടക്കുന്ന സമയത്താണ് ഇവിടെ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്. അതുകൊണ്ട് വിസ ക്ലിയറൻസ് കിട്ടുമോ എന്ന് സംശയമായിരുന്നു. ഇന്ത്യൻ എംബസി സഹായിച്ചിരുന്നു ടാൻസാനിയൻ എംബസിയും സഹായിച്ചിട്ടുണ്ട്.

പിൻഗാമി, പുഷ്പ റഫറൻസുകൾ

പിൻഗാമി റഫറൻസ് സത്യം പറഞ്ഞാൽ എഴുത്തിൽ വന്നതല്ല, ഷൂട്ടിന്റെ സമയത്ത് ചെയ്തതാണ്. അനാർക്കലി അപ്പുറത്തിരുന്ന്ഒരു ഡയലോഗ് പറയുന്നുണ്ട്, അപ്പൊ ഗവണ്മെന്റ് ഉദ്യോഗസ്ഥനായത് കൊണ്ട് തന്നെ അതിന് ഒരു മറുപടി എന്ന തരത്തിലാണ് ഉപയോഗിച്ചത്. മലയാളി ഏറ്റവും കൂടുതൽ ആഘോഷിച്ച ഒരു സിനിമയാണ് പിൻഗാമി. തിയേറ്ററിൽ ഉള്ളതിനേക്കാളും ടിവിയിൽ കണ്ട് ആഘോഷിച്ചവരാണ് നമ്മൾ എല്ലാവർക്കും പരിചിതമായ ഡയലോഗ് ആണത്. പെട്ടെന്ന് പറയാൻ പറ്റുന്ന ആ ഒരു ഡയലോഗ് മാത്രമേ ഒള്ളൂ. അങ്ങനെയാണ് അൽത്താഫ് അത് പറയുന്നത്.

പുഷപയുടെ റഫറൻസ് എന്നതിനേക്കാളുപരി, ഈ സിനിമ തുടങ്ങുന്നത് കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിൽ നിന്നാണ്. ഒരു വിധപ്പെട്ട എല്ലാവരും പെൺവേഷത്തിലാണ് സിനിമ തുടങ്ങുന്നത്. അങ്ങനെയാണ് ആ കഥാപാത്രം പുഷ്പ റഫറൻസിലേക്ക് വന്നത്.

എട്ട് പാട്ടുകൾ, പന്ത്രണ്ട് ഗായകർ

മുൻ നിരയിലുള്ള ഒരുപാട് സംഗീത സംവിധായകരുമായി സംസാരിച്ചിരുന്നു. പക്ഷെ ബഡ്ജറ്റ് പ്രധാനമായത് കൊണ്ട് തന്നെ പുതിയ ഒരാളെ പരിചയപ്പെടുത്താം എന്ന രീതിയിലാണ് ജയ് സ്റ്റെല്ലാറിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ പച്ച പരിഷ്കാരി എന്ന പാട്ട് ആ സമയത്ത് ഹിറ്റ് ആയി നിൽക്കുന്ന സമയമായിരുന്നു. അവൻ തിരുവനന്തപുരംകാരനായിരുന്നു. അതുകൊണ്ട് അവനുമായി കണക്ട് ചെയ്യാൻ കഴിഞ്ഞു. ഏഴ് പാട്ടുകളും ഒരു പ്രമോ സോങുമാണ് സിനിമയിലുള്ളത്. ഏറ്റവും വലിയ ഭാഗ്യം എന്നതാണെന്ന് വെച്ചാൽ ഒരുപാട് ഗായകർ പാടി എന്നുള്ളതാണ്. വൈക്കം വിജയലക്ഷ്മി,ബി ശരത് സാർ, ജാസി ഗിഫ്റ്റ്, സിതാര, ഡബ്സി, പ്രണവം ശശി, നിത്യ മാമൻ, ഹനാൻ ഷാ, തിരുമാലി, അനാർക്കലി, രേഷ്മ തുടങ്ങീ പന്ത്രണ്ട് ഗായകർ സിനിമയിൽ പാടിയിട്ടുണ്ട്.

View post on Instagram

എലമെന്റ്സ് ഓഫ് സിനിമ

എലമെന്റ്സ് ഓഫ് സിനിമ കൊച്ചിയിലെ ഒരു ഫിലിം സ്‌കൂളാണ്. പത്ത് നൂറോളം പിള്ളേർ പഠിക്കുന്നുണ്ട് ശ്രീരാജ് ആണ് അതിന്റെ ഉടമ. അദ്ദേഹമാണ് സിനിമയുടെ പ്രൊഡ്യൂസർ. അവിടുത്തെ വിദ്യാർത്ഥികൾക്ക് ഈ സിനിമയിൽ ടെക്നിക്കൽ ടീമിനൊപ്പം പ്രവർത്തിക്കാൻ അവസരം നൽകിയിരിക്കുന്നു. ശ്രീരാജിനൊപ്പം ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്‌സൺ, നജിമുദ്ധീൻ ഇവരെല്ലാം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായും ഉണ്ട്. അവരുടെയൊക്കെ ഗൈഡൻസ് സിനിമയ്ക്കകത്തുണ്ട്.

YouTube video player