"കോളെജില്‍ പോകുമ്പോള്‍ നല്‍കണമെന്ന് ആഗ്രഹിച്ച സന്ദേശവും അതായിരുന്നു"
ഒരു കോളെജ് പരിപാടിയില്‍ പങ്കെടുക്കവെയുള്ള നടി അമല പോളിന്‍റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) രംഗത്തെത്തിയിരുന്നു. അതൊരു ക്രിസ്റ്റ്യന്‍ മാനേജ്മെന്‍റിന്‍റെ കോളെജ് ആയിരുന്നെന്നും അല്ലാതെ മുംബൈയിലെ ഡാന്‍സ് ബാര്‍ ആയിരുന്നില്ലെന്നുമൊക്കെയായിരുന്നു കാസയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലെ വാക്കുകള്‍. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അമല പോള്‍. കോളെജില്‍ പ്രൊമോഷനായി പോയ ലെവല്‍ ക്രോസ് എന്ന അതേസിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അമല പോളിന്‍റെ പ്രതികരണം.
ഇത്തരമൊരു വിമര്‍ശനം ശ്രദ്ധയില്‍ പെട്ടില്ലേ എന്നും എന്താണ് പ്രതികരണമെന്നുമുള്ള ചോദ്യത്തിന് അമല പോളിന്‍റെ മറുപടി ഇങ്ങനെ- "എനിക്ക് ഇഷ്ടമുള്ളതാണ് ഞാന്‍ ധരിക്കുന്നത്. ഞാന്‍ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അനുചിതമാണെന്നോ ഞാന്‍ കരുതുന്നില്ല. ഒരുപക്ഷേ അത് ക്യാമറയില്‍ കാണിച്ച വിധം അനുചിതം ആയിരിക്കാം. തെറ്റായ ഒരു വസ്ത്രമാണാണ് ഞാന്‍ ധരിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. അതിനെ എങ്ങനെയാണ് കാണിച്ചതെന്നത് എന്‍റെ നിയന്ത്രണത്തില്‍ അല്ലല്ലോ. ഞാന്‍ ഇട്ട ഡ്രസ് എങ്ങനെ ഷൂട്ട് ചെയ്യണം, എങ്ങനെ കാണണം എന്നുള്ളത് എന്‍റെ നിയന്ത്രണത്തിലല്ല. അത് അനുചിതമായി എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷേ ഞാന്‍ ധരിച്ച വസ്ത്രത്തില്‍ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. കോളെജില്‍ പോകുമ്പോള്‍ നല്‍കണമെന്ന് ആഗ്രഹിച്ച സന്ദേശവും അതായിരുന്നു. നിങ്ങള്‍ നിങ്ങളായിരിക്കുക എന്നത്", അമല പോള്‍ പറഞ്ഞു.
എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളെജിലാണ് ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി അഭിനേതാക്കളായ അമല പോളും ആസിഫ് അലിയും അടക്കമുള്ളവര്‍ എത്തിയത്. രമേഷ് നാരായണന്‍ വിവാദത്തില്‍ ആസിഫ് അലി ആദ്യമായി പ്രതികരിച്ചതും ഈ വേദിയില്‍ വച്ചായിരുന്നു. അതിനാല്‍ത്തന്നെ ഒരു സിനിമാപ്രൊമോഷന്‍ എന്നതിന് അപ്പുറമുള്ള വാര്‍ത്താ പ്രാധാന്യവും ഈ വേദി നേടിയിരുന്നു.
ALSO READ : സ്റ്റൈലിഷ് സ്റ്റെപ്‍സുമായി ദീപ്‍തി സതി; 'താനാരാ'യിലെ വീഡിയോ സോംഗ് എത്തി
