യുവ നടനെ അജ്ഞാതൻ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുഎസില്‍ പഞ്ചാബി നടന് നേരെ അജ്ഞാതന്റെ ആക്രമണം. നടൻ അമൻ ധാലിവാളിന് നേരെയാണ് യുഎസില്‍ ആക്രമണമുണ്ടായത്. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുകയായിരുന്നു താരത്തെ ഒരാള്‍ ആയുധംകൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. നടനെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റിട്ടുണ്ടെങ്കിലും നടന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല എന്നാണ് റിപ്പോര്‍ട്ട്. അജ്ഞാതൻ നടനെ ജിമ്മില്‍ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സിസിടിവി ഫൂട്ടേജ് പുറത്തുവന്നിട്ടുണ്ട്. നടനെ ആയുധ മുനയില്‍ നിര്‍ത്തിയ അജ്ഞാതൻ മറ്റുള്ളവരോട് വെള്ളം ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം. അക്രമിയുടെ ശ്രദ്ധ ഒന്ന് പാളിയപ്പോള്‍ താരം ഞൊടിയിടയില്‍ തിരിഞ്ഞു. അക്രമിയെ നടൻ കീഴ്‍പ്പെടുത്തുകയും ചെയ്‍തു. തുടര്‍ന്ന് ജിമ്മിലുണ്ടായിരുന്ന മറ്റുള്ള ആള്‍ക്കാര്‍ ആക്രമിയെ പിടികൂടി. കാലിഫോര്‍ണിയയില്‍ ആയിരുന്നു ആക്രമണം നടന്നത്.
ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെയായിരുന്നു താരത്തിനെതിരെ ആക്രമണമുണ്ടായത്. ആരാണ് നടനെ ആക്രമിച്ചത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. അമൻ ധാലിവാള്‍ തനിക്ക് പരുക്കേറ്റതിന്റെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്.
അമൻ ധാലിവാള്‍ ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടുണ്ട്. ഹൃത്വിക് റോഷൻ നായകനായ 'ജോധാ അക്ബര്‍', സണ്ണി ഡിയോള്‍ നായകനായ 'ബിഗ് ബ്രദര്‍', 'ഖലീജ', 'ഇന്ത്യൻ പൊലീസ്', 'അന്ത് ദ എൻഡ്', 'അജ്ജ് ദേ രഞ്ജേ', 'ജാട്ട് ബോയ്‍സ്' എന്നീ ചിത്രങ്ങളില്‍ അമൻ ധാലിവാള്‍ വേഷമിട്ടു. നിരവധി ടിവി ഷോകളുടെയും ഭാഗമായ താരമാണ് അമാലി ധാലിവാള്‍. അമൻ 'ഇഷ്‍ക് ക രാംഗ് സഫേദ്', 'പോറസ്', 'വിഘ്‍നഹര്‍ത്ത ഗണേഷ്' തുടങ്ങിയവയുടെ ഭാഗമായിരുന്നു. പഞ്ചാബിലെ മാൻസ സ്വദേശിയായ അമൻ ധാലിവാള്‍ മോഡിലിംഗിലൂടെയാണ് അഭിനയ ലോകത്ത് എത്തുന്നത്.
Read More: 'വിക്കിപീഡിയ ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്‍തു', ആരോപണവുമായി കങ്കണ
