വിർജീനിയ കോടതിയിൽ മുൻ ഭർത്താവ് ജോണി ഡെപ്പിനെതിരായ അപകീർത്തി കേസില്‍ ആംബർ പരാജയപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇവരെ അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിംഗ്ഡത്തിൽ നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത വന്നത്. 

ഹോളിവുഡ്: നടി ആംബർ ഹേർഡിനെ അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിംഗ്ഡത്തിൽ നിന്ന് പുറത്താക്കിയെന്നും. പകരം മറ്റൊരു നടിയെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് ഡിസിയെന്നുമാണ് പുതിയ പുതിയ റിപ്പോർട്ട്. തിരഞ്ഞെടുത്ത പ്രേക്ഷകരുടെ അഭിപ്രായം എടുത്ത ശേഷമാണ് ആമ്പറിനെ മാറ്റാൻ സിനിമയുടെ നിര്‍മ്മാതാക്കളായ വാർണർ ബ്രോസ് തീരുമാനിച്ചതെന്ന് റിപ്പോർട്ട് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ റിപ്പോർട്ടിനെ 'കൃത്യമല്ല' എന്നാണ് ആംബർ ഹേർഡിന്‍റെ ഏജന്‍റിനെ ഉദ്ധരിച്ച് ഹോളിവുഡ് പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വിർജീനിയ കോടതിയിൽ മുൻ ഭർത്താവ് ജോണി ഡെപ്പിനെതിരായ അപകീർത്തി കേസില്‍ ആംബർ പരാജയപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇവരെ അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിംഗ്ഡത്തിൽ നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത വന്നത്. അംബര്‍ ജോണിയെ അപകീർത്തിപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 10.35 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. അക്വാമാനിൽ നിന്ന് ആമ്പറിനെ നീക്കം ചെയ്യുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ ക്യാംപെയിനും നടന്നുവരുന്നുണ്ടായിരുന്നു, ഈ ക്യാംപെയിനില്‍ ഏതാണ്ട് 4 ദശലക്ഷത്തിലധികം ആളുകളാണ് ഒപ്പിട്ടത്.

അക്വാമാന്‍ ലോസ്റ്റ് കിംഗ്ഡത്തിന്‍റെ നിര്‍മ്മാതാക്കളായ വാർണർ ബ്രോസ്-ആമ്പറിനെ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ സമയം ഇതുവരെ ആംബർ ഹേർഡ് ചെയ്ത രംഗങ്ങള്‍ ഒഴിവാക്കി. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായ ജേസൺ മോമോവ, നിക്കോൾ കിഡ്മാൻ എന്നിവരുടെ രംഗങ്ങള്‍ റീഷൂട്ട് ചെയ്യുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്.

തനിക്ക് നീതി കിട്ടിയില്ലെന്ന് ആംബർ ഹേർഡ്

മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനോട് മാനനഷ്ടക്കേസില്‍ പാരജയപ്പെട്ട ശേഷം ആദ്യ പ്രതികരണം നടത്തി നടി ആംബർ ഹേർഡ്. വിധിക്ക് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിലാണ് ആറാഴ്ചയോളം നീണ്ടുനിന്ന വിചാരണയെക്കുറിച്ച് ആംബർ സംസാരിച്ചത്. വിചാരണയും വിധിയും ഏറ്റവും 'ഭയങ്കരവും അപമാനകരവുമായ' കാര്യമാണെന്നാണ് ഇവര്‍ വിശേഷിപ്പിച്ചു. വിചാരണ വേളയിൽ താൻ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും നടി പറഞ്ഞു. വിചാരണവേളയില്‍ സോഷ്യൽ മീഡിയയിൽ തനിക്ക് ന്യായമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

എൻബിസി ന്യൂസിന്റെ സവന്ന ഗുത്രിക്കാണ് ആംബർ ഹേർഡ് അഭിമുഖം നല്‍കിയത്. "എന്റെ മരണദിവസം വരെ, എന്റെ കോടതിയില്‍ നല്‍കിയ മൊഴിയിലെ ഓരോ വാക്കിലും ഞാൻ ഉറച്ചുനിൽക്കും. ഞാൻ ഒരുപാട് തെറ്റുകൾ വരുത്തി, പക്ഷേ ഞാൻ എപ്പോഴും സത്യം പറഞ്ഞിട്ടുണ്ട്. ജോണി ഡെപ്പി അഭിഭാഷകൻ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജൂറിയെ അവര്‍ മാറ്റി നിര്‍ത്തി. ഇത് ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും അപമാനകരവും ഭയാനകവുമായ കാര്യമാണ്. ഞങ്ങള്‍ വിവാഹിതരായ ശേഷം ഞാൻ ഭയങ്കരവും ഖേദകരവുമായ കാര്യങ്ങൾ ചെയ്തുവെന്നതില്‍ വളരെ ഖേദിക്കുന്നു."

എൻബിസിയിൽ തിങ്കളാഴ്ചയാണ് അഭിമുഖത്തിന്‍റെ ആദ്യഭാഗം സംപ്രേഷണം ചെയ്തത്. അഭിമുഖത്തില്‍ ആംബർ ഡെപ്പിന്റെ സാക്ഷികളെ "പണം കൊടുത്ത് വരുത്തിയര്‍" എന്ന് വിശേഷിപ്പിച്ചു. ഇത്തരത്തില്‍ സംഭവത്തെക്കുറിച്ച് ഒന്നും അറിയാത്ത പണം കൊടുത്തുവരുത്തിയ സാക്ഷികളുടെ വാദങ്ങള്‍ കേട്ട് എങ്ങനെ വിധി പറയാന്‍ സാധിക്കുന്നുവെന്നും ആംബർ ഹേർഡ് ചോദിക്കുന്നുണ്ട്.

മുന്‍ഭാര്യക്കെതിരായ മാനനഷ്ടക്കേസ്; ഡെപ്പിന് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം