പ്രളയത്തിന്റെ ദുരിതത്തിലാണ് അസമിലെ ജനങ്ങള്‍. ആസ്സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ ഫണ്ടിലേക്ക് 51 ലക്ഷം രൂപ നല്‍കിയെന്ന് അമിതാഭ് ബച്ചൻ. മറ്റുള്ളവരോട്, സഹായിക്കാനും അമിതാഭ് ബച്ചൻ അഭ്യര്‍ഥിച്ചിട്ടുണ്ട്.

അസം വലിയ ദുരിതത്തിലാണ്. വലിയ നാശനഷ്‍ടങ്ങളുണ്ടാക്കി. നമ്മുടെ സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കൂ. നിങ്ങള്‍ക്ക് കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കൂ. ഞാൻ നല്‍കി.. നിങ്ങളും.. എന്നാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്. അമിതാഭ് ബച്ചന് നന്ദി രേഖപ്പെടുത്തി അസം മുഖ്യമന്ത്രിയും രംഗത്ത് എത്തി. രണ്ടു കോടി രൂപ അക്ഷയ് കുമാറും നല്‍കിയിരുന്നു. അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയും കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയുമാണ് അക്ഷയ് കുമാര്‍ നല്‍കിയത്.

അസമില്‍ പ്രളയത്തെ തുടര്‍ന്ന് 15 പേരാണ് മരിച്ചത്. 46 ലക്ഷത്തോളം ആള്‍ക്കാരെ പ്രളയം ബാധിച്ചിട്ടുണ്ട്. 4,175 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 90,000 ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചു. 10 ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചു.  കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ തൊണ്ണൂറു ശതമാനം ഭാഗത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്.