വിവാദത്തില്‍ പ്രതികരണവുമായി ‘കേരള സ്റ്റോറി 2’ സംവിധായകന്‍

രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് ദി കേരള സ്റ്റോറി 2 എന്ന ചിത്രത്തില്‍ പറയുന്നതെന്ന് സംവിധായകന്‍ കാമാഖ്യ നാരായൺ സിംഗ്. ട്രെയ്‍ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മലയാളികളില്‍ ഒരു വലിയ വിഭാഗത്തില്‍ നിന്നുള്‍പ്പെടെ വന്‍ വിമര്‍ശനം വന്ന പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. കേരളത്തിലെ സാഹചര്യം മാത്രമല്ല രാജസ്ഥാനിലെയും,മധ്യപ്രദേശിലെയും സാഹചര്യങ്ങൾ ചിത്രത്തില്‍ വിശദീകരിക്കുന്നുണ്ടെന്നും കേരളത്തിലെ മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ മനസിലാക്കട്ടെയെന്നും കാമാഖ്യ നാരായണ്‍ സിംഗ് പറഞ്ഞു.

സംവിധായകന്‍റെ പ്രതികരണം

"പത്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും മനസിലാക്കിയ വിവരങ്ങളാണ് സിനിമയിൽ വിശദീകരിക്കുന്നത്"." സിനിമയെ വിവാദമാക്കുകയല്ല സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും കാമാഖ്യ നാരായൺ സിംഗ് പറഞ്ഞു. ട്രെയ്‍ലറില്‍ മലയാളികളില്‍ നിന്ന് വലിയ ട്രോള്‍ നേരിട്ട രംഗമായിരുന്നു ഒരു മുസ്‍ലിം കുടുംബത്തിലേക്ക് വിവാഹം കഴിച്ച് വന്ന ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത്. ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നതും യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്കാരമാണെന്നും സംവിധായകന്‍റെ പ്രതികരണം.

ചിത്രത്തെ കനത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. “കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചു പറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ”, പിണറായി വിജയന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

അതേസമയം ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് ശേഷം സെന്‍സര്‍ ബോര്‍ഡും പ്രേക്ഷകരുടെ വിമര്‍ശനത്തിന് പാത്രമാവുന്നുണ്ട്. ബോര്‍ഡിന്‍റെ സമീപകാല തീരുമാനങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. വിജയ് നായകനായ ജനനായകന് ഇനിയും പ്രദര്‍ശനാനുമതി നല്‍കാത്തതും ഷെയ്ന്‍ നിഗം നായകനായ ഹാല്‍ എന്ന സിനിമയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് മുന്‍പ് നിര്‍ദേശിച്ചതുമൊക്കെ പ്രേക്ഷക സമൂഹം വീണ്ടും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വരുത്തേണ്ട ഇരുപതോളം മാറ്റങ്ങളില്‍ ഒന്നായി സിബിഎഫ്സി ആവശ്യപ്പെട്ടത് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യാനായിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming