ദേശീയ ചലച്ചിത്ര അവാര്‍ഡ് നേരിട്ട് സ്വീകരിക്കാനാകാത്തതിന്റെ നിരാശയില്‍ അമിതാഭ് ബച്ചൻ. അസുഖ ബാധിതനായതിനെ തുടര്‍ന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ എത്താനാകില്ലെന്ന് അമിതാഭ് ബച്ചൻ വ്യക്തമാക്കി.

പനി ബാധിച്ചു. യാത്ര ചെയ്യാൻ അനുവാദമില്ല.  ദില്ലിയിൽ നടക്കുന്ന ദേശീയ അവാർഡ് ദാന ചടങ്ങില്‍ പങ്കെടുക്കാൻ കഴിയില്ല.നിര്‍ഭാഗ്യം, ഖേദിക്കുന്നു- അമിതാഭ് ബച്ചൻ പറയുന്നു. ആരോഗ്യപ്രശ്‍നത്തെ തുടര്‍ന്ന് നേരത്തെ കൊല്‍ക്കത്ത അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലും അമിതാഭ് ബച്ചന് പങ്കെടുക്കാനായിരുന്നില്ല. കുറച്ചുനാള്‍ മുമ്പ് അമിതാഭ് ബച്ചൻ മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‍തിരുന്നു. പതിവ് ചികിത്സയാണെന്ന് പറഞ്ഞിരുന്നെങ്കിലും അമിതാഭ് ബച്ചനെ ആശുപത്രിയില്‍ അഡ്‍മിറ്റ് ചെയ്‍തിരുന്നു. ഇന്ന് ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ആണ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് അമിതാഭ് ബച്ചനായിരുന്നു.