മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ വിക്കി കൌശലിനും ആയുഷ്‍മാൻ ഖുറാനെയ്‍ക്കും അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. രണ്ടുപേരെയും അമ്പരപ്പിച്ച് അമിതാഭ് ബച്ചനും അഭിനന്ദനവും ആശംസകളുമായി എത്തി. സ്വന്തം കൈപ്പടയില്‍ എഴുതിയ അഭിനന്ദനവും ബൊക്കെയുമാണ് വിക്കി കൌശാലിനും ആയുഷ്‍മാൻ ഖുറാനെയ‍്‍ക്കും അമിതാഭ് ബച്ചൻ അയച്ചത്. അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചനും ഇരുവരെയും അഭിനന്ദിച്ചു.

അമിതാഭ് ബച്ചൻ അഭിനന്ദന സന്ദേശം അയച്ച കാര്യം വിക്കി കൌശലും ആയുഷ്‍മാൻ ഖുറാനെയും തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ലോകം തന്നെ നല്‍കിയ അഭിനന്ദനമായി കാണുന്നുവെന്നാണ് വിക്കി കൌശല്‍ പറയുന്നത്. ദേശീയ അവാർഡ് നേടിയ നേട്ടത്തിന്  മഹാനായ നായകനിൽ നിന്ന്  പ്രശംസ ലഭിക്കുമ്പോൾ, അത് ദേശീയ അവാർഡിനേക്കാൾ കുറവല്ലെന്നാണ് ആയുഷ്‍മാൻ ഖുറാനെ പറയുന്നത്. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലെ അഭിനയത്തിനാണ് വിക്കി കൌശലിന് അവാര്‍ഡ് ലഭിച്ചത്. അന്ധധുൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ആയുഷ്‍മാൻ ഖുറാനെയ്‍ക്ക് അവാര്‍ഡ്.