തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ ബോളിവുഡ് അരങ്ങേറ്റം

കൊവിഡ് സൃഷ്ടിച്ച ഇടവേളയില്‍ തിയറ്ററുകളില്‍ നിന്ന് അകന്നുപോയ പ്രേക്ഷകരെ എന്ത് വിധേനയും അവിടേയ്ക്ക് തിരിച്ചെത്തിക്കാനുള്ള പരിശ്രമത്തിലാണ് ബോളിവുഡ്. മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം നടത്തിയ ദേശീയ ചലച്ചിത്ര ദിനാചരണം വിജയം കണ്ടതിനു പിന്നാലെ പല നിര്‍മ്മാതാക്കളും ചില ദിവസങ്ങളില്‍ ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുകയാണ്. അജയ് ദേവ്ഗണ്‍ നായകനാവുന്ന ദൃശ്യം 2 ന്‍റെ റിലീസ് ദിന ടിക്കറ്റുകള്‍ പകുതി പൈസയ്ക്ക് ബുക്ക് ചെയ്യാനുള്ള അവസരം നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗുഡ് ഡേയുടെ നിര്‍മ്മാതാക്കളും സമാന വഴിയേ നീങ്ങുകയാണ്. 

ചിത്രത്തിന്‍റെ റിലീസ് ദിനത്തില്‍ ടിക്കറ്റ് ഒന്നിന് 150 രൂപയ്ക്ക് വില്‍ക്കാനാണ് തീരുമാനം. ഒക്ടോബര്‍ 7 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചില്ലര്‍ പാര്‍ട്ടിയും ക്വീനുമൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ്. വികാസിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയിലും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്.

ALSO READ : 'ആ സിനിമകളുടെ താരപ്രതിഫലം മാത്രം 35 കോടി, പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒന്നര കോടി'; വിനയന്‍ പറയുന്നു

Scroll to load tweet…

നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ ആദ്യം ആരംഭിച്ച ചിത്രീകരണം ഈ വര്‍ഷം ജൂണില്‍ അവസാനിച്ചിരുന്നു. ഗുഡ് കമ്പനി, ബാലാജി മോഷന്‍ പിക്ചേഴ്സ്, സരസ്വതി എന്‍റര്‍ടൈന്‍മെന്‍റ് എന്നീ ബാനറുകളില്‍ വികാസ് ബാല്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, രുചിക കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം.