ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ നായകനാണ് ഋഷി കപൂര്‍. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു ഋഷി കപൂറിന്റെ മരണം. ഞെട്ടലോടെയായിരുന്നു ചലച്ചിത്ര ലോകവും ആരാധകരും ഋഷി കപൂറിന്റെ മരണവാര്‍ത്ത കേട്ടത്. താൻ തകര്‍ന്നുപോയി എന്നായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമായിരുന്നു അമിതാഭ് ബച്ചനും ഋഷി കപൂറും തമ്മിലുണ്ടായത്.

അവൻ പോയി. ഋഷി കപൂർ. അൽപം മുൻപ് വിട്ടുപിരിഞ്ഞു. ഞാൻ തകർന്നുപോയി എന്നായിരുന്നു ഇതിഹാസ താരം അമിതാഭ് ബച്ചൻ മറ്റൊരു ഇതിഹാസത്തെ കുറിച്ച് പറഞ്ഞത്. ഇരുവരുടെയും ആരാധകരില്‍ ആരുടെയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയും വാക്കുകളും. ആ വാക്കുകളിലെ തീക്ഷ്‍ണത തന്നെയായിരുന്ന ഇരുവരുടെയും ബന്ധത്തിന്റയും അടയാളവും.

ഋഷി കപൂറും അമിതാഭ് ബച്ചനും സഹോദരങ്ങളായി അഭിനയിച്ച ചിത്രമായിരുന്നു അമർ അക്ബർ ആന്റണി. രക്തബന്ധത്തില്‍ അല്ലെങ്കിലും ജീവിതത്തിലെ പോലെ തന്നെ സിനിമയിലും സഹോദരൻമാരായി. ചിത്രം വൻ വിജയമായി മാറിയിരുന്നു. പർദാ ഹേ പർദ ഗാനവും ആരാധകര്‍ ഒരിക്കലും മറക്കാത്തതായി. സൌഹൃദം മാത്രമായിരുന്നില്ല ചില കാലങ്ങളില്‍ ഇരുവരും തെറ്റിപ്പിരിഞ്ഞിട്ടുമുണ്ട്.

തെറ്റിദ്ധാരണകള്‍ മാറിയപ്പോള്‍ എന്നത്തെക്കാളും സൌഹൃദത്തിലാകുകയും ചെയ്‍തു ഋഷി കപൂറും അമിതാഭ് ബച്ചനും. കൂലി എന്ന സിനിമയില്‍ അമിതാഭ് ബച്ചന് പരുക്കേറ്റപ്പോള്‍ ശുശ്രൂഷിക്കാൻ എത്തിയത് ഋഷി കപൂര്‍ തന്നെയായിരുന്നു. കഭീ കഭീ(1976), നസീബ് (1981), കൂലി (1983) എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അമിതാഭ് ബച്ചനും ഋഷി കപൂറും ഒന്നിച്ച് അഭിനയിച്ചത്.

ഏറെക്കാലത്തിനു ശേഷവും ഏറ്റവും അവസാനമായും ഇരുവരും ഒന്നിച്ചത് 102 നോട്ട് ഔട്ട് എന്ന സിനിമയ്‍ക്ക് വേണ്ടിയായിരുന്നു. അമിതാഭ് ബച്ചന്റെ മകനായിട്ടായിരുന്നു ഋഷി കപൂര്‍ അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് 102 വയസും ഋഷി കപൂറിന്റെ കഥാപാത്രത്തിന് 72 വയസുമായിരുന്നു പ്രായം. ഒരു കോമഡി ചിത്രമായിരുന്നു ഇത്. അസുഖത്തിന്റെ അവശത മാറിവന്നപ്പോള്‍ ഋഷി കപൂര്‍ വീണ്ടും ഒന്നിച്ചത് അമിതാഭ് ബച്ചനൊപ്പം തന്നെ എന്നത് യാദൃശ്ചികത.