അക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി സംഘടനയിലെ അംഗത്വം രാജിവെക്കുകയും ചെയ്തിരുന്നു. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുമെന്ന് ബാബുരാജ്. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബാബുരാജ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗം ചേരുന്ന കാര്യം പറഞ്ഞത്.

"അക്രമത്തെ അതിജീവിച്ച നടിയെ പ്രയാസപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇടവേള ബാബു ആ പരാമര്‍ശം നടത്തിയതെങ്കില്‍ അത് തെറ്റാണെന്നും അംഗീകരിക്കാനാവാത്തതാണെന്നുമാണ് ഞങ്ങളില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം. നടിക്കൊപ്പമാണ് ഞാന്‍. ബുധനാഴ്ച അവരോട് ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. പരാമര്‍ശത്തിനു പിന്നിലെ കാരണം അന്വേഷിച്ച് കര്‍ശനമായ നടപടി സ്വീകരിക്കും", ബാബുരാജ് പറയുന്നു.

പരാമര്‍ശത്തെക്കുറിച്ച് ഇടവേള ബാബു തങ്ങളോട് ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും ട്വന്‍റി 20 രണ്ടാംഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ആ പ്രതികരണം നടത്തിയതെന്നാണ് തങ്ങളോട് പറഞ്ഞതെന്നും ബാബുരാജ് അഭിമുഖത്തില്‍ പറയുന്നു. "ഏറ്റവും ആദ്യമായി പറയാനുള്ളത് 'അമ്മ'യുടെ പദ്ധതിയിലുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രം ട്വന്‍റി 20യുടെ രണ്ടാംഭാഗം അല്ല എന്നതാണ്. പിന്നെ സംഘടനയില്‍ അംഗത്വമില്ലാത്ത പല അഭിനേതാക്കളെയും ഞങ്ങള്‍ സിനിമകളില്‍ കാസ്റ്റ് ചെയ്യാറുണ്ട്. അമ്മയുടെ ഷോകളില്‍ പോലും അത് നടക്കാറുണ്ട്. താരനിര്‍ണ്ണയം പൂര്‍ണ്ണമായും നിര്‍മ്മാതാവിന്‍റെയും സംവിധായകന്‍റെയും തീരുമാനമാണ്", ബാബുരാജ് പറയുന്നു.

പാര്‍വ്വതിയും പിന്നാലെ രേവതിയും പത്മപ്രിയയും ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സംഘടനയില്‍ ആദ്യം ഉന്നയിക്കാതെ പൊതുവായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളോട് തങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസവും ബാബുരാജ് പ്രകടിപ്പിക്കുന്നു. "പരാതി കിട്ടിയാല്‍ മാത്രമാണ് ഞങ്ങള്‍ക്ക് നടപടി എടുക്കാന്‍ സാധിക്കുക. ഫേസ്ബുക്കില്‍ രാജിക്കത്ത് പങ്കുവെക്കുന്നതിനു പകരം 'അമ്മ' പ്രസിഡന്‍റിന് പാര്‍വ്വതി ഒരു പരാതി കൊടുത്തിരുന്നുവെങ്കില്‍ ഞങ്ങള്‍ തീര്‍ച്ഛയായും നടപടി എടുത്തേനെ. ഇപ്പോള്‍ സംഭവിച്ചത് എന്താണെന്നുവെച്ചാല്‍ വിഷയത്തില്‍ ഞങ്ങളുടെ അഭിപ്രായം എവിടെയും പറയാനാവാതെ പോകുന്നു. പാര്‍വ്വതി ഔദ്യോഗികമായി പരാതിപ്പെട്ടിട്ടുണ്ടോ എന്ന് കമ്മിറ്റിയില്‍ ചോദ്യമുയര്‍ന്നാല്‍ എന്താണ് പറയാനാവുക?", ബാബുരാജ് ചോദിക്കുന്നു.