കൊച്ചി: കലാകാരി മോളി കണ്ണമാലിക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് താരസംഘടന 'അമ്മ'. കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത ഒരു കൂര പോലുമില്ലാത്ത മോളിയുടെ ദുരിതമറിഞ്ഞ സംഘടന കലാകാരിയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ജൂണ്‍ ഒന്നിന് ചേര്‍ന്ന 'അമ്മ'യുടെ എക്സിക്യുട്ടീവ് കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തതായി 'അമ്മ' സെക്രട്ടറി ഇടവേള ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നിലവില്‍ 'അമ്മ'യില്‍ അംഗമല്ലാത്ത മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. അക്ഷരവീട് പദ്ധതിയുടെ ടീം സ്ഥലം സന്ദര്‍ശിക്കുകയും നിയമപരമായ വശങ്ങള്‍ കൂടി പരിഗണിച്ച് എത്രയും വേഗം വീട് നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മോളിയുടെ ദുരിതം പുറംലോകമറിഞ്ഞത്. എറണാകുളം കണ്ണമാലി പുത്തന്‍തോട് പാലത്തിനടുത്തുള്ള കൊച്ചുകൂരയിലാണ് മലയാളികളെ ഏറെ ചിരിപ്പിച്ച ഈ കലാകാരിയുടെ താമസം. ചവിട്ടുനാടക കലാകാരിയായ മോളി കണ്ണമാലിക്ക് എറണാകുളം എംപി കെ വി തോമസ് വീട് നിര്‍മ്മിച്ച് നല്‍കിയെങ്കിലും മകനൊപ്പം ഇവര്‍ താമസം മാറുകയായിരുന്നു. ഇഷ്ടദാനം ലഭിച്ച സ്ഥലം തര്‍ക്കത്തിലായതോടെ അവിടെ വീട് പണിയാനുള്ള ആഗ്രവും സാധിച്ചില്ല. തുടര്‍ന്നാണ് മോളിയും മകനും ഷെഡ്ഡിലേക്ക് താമസം മാറിയത്.