അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കും മറുഭാഷയില്‍ അവസരങ്ങള്‍ വര്‍ധിച്ചതിനൊപ്പം മറുഭാഷയിലെ വന്‍കിട നിര്‍മ്മാണ കമ്പനികള്‍ മോളിവുഡിലേക്ക് എത്തുകയുമാണ്

ഇന്ത്യന്‍ സിനിമയില്‍ മലയാള സിനിമയ്ക്ക് അന്നും ഇന്നും ഒരു സ്ഥാനമുണ്ട്. ഒരുകാലത്ത് ഏറ്റവും കലാമൂല്യമുള്ള സിനിമകള്‍ എത്തുന്നതും ദേശീയ പുരസ്കാരങ്ങളില്‍ ഏറ്റവുമധികം നേട്ടങ്ങള്‍ കൊയ്യുന്നതും മലയാളം, ബംഗാളി സിനിമകള്‍ ആയിരുന്നു. എന്നാല്‍ അത്രതന്നെ നിലവാരമുള്ള നമ്മുടെ മുഖ്യധാരാ സിനിമകളുടെ റീച്ച് തുലോം പരിമിതമായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ സിനിമയുടെയും ഒടിടിയുടെയും മാറിയകാലത്ത് മലയാള സിനിമയുടെ ഗുണവും വ്യത്യാസവും എന്താണെന്ന് മറുഭാഷാ പ്രേക്ഷകരും തിരിച്ചറിയുന്ന ഘട്ടത്തിലാണ് ഇപ്പോള്‍. ഒടിടിയില്‍ കണ്ട് കൈയടിച്ചിരുന്ന മറുഭാഷാ പ്രേക്ഷകരില്‍ ഒരു വിഭാഗം തിയറ്ററുകളില്‍ എത്തിയും ഇപ്പോള്‍ മലയാള സിനിമകള്‍ കാണുന്നത് ശീലമാക്കുന്നുണ്ട്. ഒപ്പം അഭിനേതാക്കള്‍ക്ക് പുറമെ മലയാളം സംവിധായകര്‍ക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമൊക്കെ മറുഭാഷകളില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. മലയാള സിനിമയ്ക്ക് ഇതരഭാഷാ സിനിമാപ്രവര്‍ത്തകര്‍ ഇടുന്ന ഉയര്‍ന്ന മാര്‍ക്കിന്‍റെ തെളിവ് കൂടിയാണ് ഇത്.

അഭിനേതാക്കള്‍

മലയാളി അഭിനേതാക്കളെക്കുറിച്ച് മുന്‍പും മറുഭാഷാ സിനിമാപ്രവര്‍ത്തകര്‍ക്ക് മികച്ച അഭിപ്രായമാണെങ്കിലും ഒടിടിയുടെ കടന്നുവരവിന് ശേഷം അവര്‍ക്ക് ഇതരഭാഷകളില്‍ കൂടുതലായി അവസരങ്ങള്‍ ലഭിക്കുന്നു. ദുല്‍ഖര്‍ സല്‍മാന് ഒരു തെലുങ്ക് താരത്തിന് ലഭിക്കുന്ന സ്നേഹവും വരവേല്‍പ്പുമാണ് ഇന്ന് തെലുങ്ക് സംസ്ഥാനങ്ങളില്‍ ലഭിക്കുന്നത്. കരിയറിലെ തന്‍റെ ആദ്യ 100 കോടി നേട്ടം ദുല്‍ഖര്‍ സ്വന്തമാക്കിയതും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ. ലക്കി ഭാസ്കര്‍ ആയിരുന്നു ചിത്രം. മലയാളത്തിനേക്കാള്‍ മറുഭാഷയില്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കുന്ന ദുല്‍ഖറിന്‍റേതായി രണ്ട് തെലുങ്ക് ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ആകാശംലോ ഒക താരയാണ് അതിലൊരു ചിത്രം.

പനോരമ സ്റ്റുഡിയോസിന്‍റെ കുമാര്‍ മംഗത് പതക് ആന്‍റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍, ജീത്തു ജോസഫ് എന്നിവര്‍ക്കൊപ്പം

ഒരു മലയാളി താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പാന്‍ ഇന്ത്യന്‍ അവസരം ലഭിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. സാക്ഷാല്‍ രാജമൗലിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസ് ചിത്രം വാരണാസിയില്‍ പ്രതിനായകനാണ് പൃഥ്വിരാജ്. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്‍ കുംഭ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുക. ഒടിടിയിലൂടെ ഏറ്റവും സ്വീകാര്യത നേടിയ മലയാളി താരം ഫഹദ് ഫാസിലിന്‍റേതായും ഒരു തെലുങ്ക് ചിത്രം വരാനുണ്ട്. ഡോണ്‍ട് ട്രബിള്‍ ദി ട്രബിള്‍ എന്നാണ് ആ ചിത്രത്തിന്‍റെ പേര്. ഒപ്പം ഇംതിയാസ് അലിയുടെ സംവിധാനത്തില്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയുമാണ് ഫഹദ്. ഒരു ഹൈ പ്രൊഫൈല്‍ സംവിധായകനൊപ്പം തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ടൊവിനോ തോമസും. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഡ്രാഗണിലാണ് ടൊവിനോ അഭിനയിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍ ആണ് ചിത്രത്തിലെ നായകന്‍. മിന്നല്‍ മുരളിയിലൂടെ രാജ്യമെങ്ങും ശ്രദ്ധ നേടിയ ടൊവിനോയ്ക്ക് കരിയര്‍ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താനുള്ള അവസരം ആയേക്കാം ഇത്.

‘സൂര്യ 47’ ന്‍റെ ആരംഭം. ‘ആവേശം’ സംവിധായകന്‍ ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ലോകയുടെ വന്‍ വിജയം കല്യാണിക്കും മികച്ച അവസരമാണ് കൊടുത്തിരിക്കുന്നത്. ധുരന്ദര്‍ 2 ന് ശേഷം രണ്‍വീര്‍ സിംഗ് നായകനാവുന്ന ചിത്രത്തില്‍ കല്യാണിയാവും നായിക എന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. അലിയ ഭട്ട് നായികയാവുമെന്ന് കരുതിയിരുന്ന പ്രോജക്റ്റ് ആയിരുന്നു ഇത്. അലിയയെ മാറ്റിയാണ് കല്യാണി എത്തുന്നത്. രണ്‍വീറിന്‍റെ നിര്‍മ്മാതാവായുള്ള അരങ്ങേറ്റം കൂടിയായിരിക്കും ഈ ചിത്രം.

സംവിധായകര്‍

മലയാളി ഛായാഗ്രാഹകര്‍ക്ക് എല്ലാ കാലത്തും ഇന്ത്യന്‍ സിനിമയില്‍ ഡിമാന്‍ഡ് ഉണ്ടായിരുന്നു. പ്രത്യേകിച്ചും ബോളിവുഡിലും തമിഴിലുമൊക്കെ. സന്തോഷ് ശിവന്‍, സന്തോഷ് തുണ്ടിയില്‍, കെ യു മോഹനന്‍ എന്ന് തുടങ്ങി നീളുന്ന വലിയ നിര അക്കൂട്ടത്തിലുണ്ട്. പുതിയ സാഹചര്യത്തില്‍ മലയാളി സംവിധായകര്‍ക്കും ഡിമാന്‍ഡ് ഏറുന്നു എന്നതാണ് വസ്തുത. ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഇന്ന് ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്യുന്നത് ഒരു മലയാളി സംവിധായികയാണ്. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടോക്സിക് സംവിധാനം ചെയ്യുന്നത് ഗീതു മോഹന്‍ദാസ് ആണ്. കോളിവുഡ് മലയാളി സംവിധായകരെ ഇന്ന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മലയാള സിനിമകള്‍ മുന്‍പത്തേതിലും നന്നായി തമിഴ്നാട്ടില്‍ ഓടുന്നുമുണ്ട്.

‘വാരണാസി’ ലോഞ്ച് ഇവെന്‍റ് വേദി

പൊങ്കല്‍ റിലീസ് ആയി എത്തിയ ചിത്രങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയിരിക്കുന്നത് തലൈവര്‍ തമ്പി തലൈമയില്‍ എന്ന ചിത്രമാണ്. ജീവ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫാലിമി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിതീഷ് സഹദേവ് ആണ്. ഫാലിമിയുടെ റീമേക്ക് ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് നിതീഷിനെ താന്‍ സമീപിച്ചതെന്നും അപ്പോള്‍ അദ്ദേഹം മറ്റൊരു കഥ പറയുകയായിരുന്നെന്നും ജീവ പറഞ്ഞിരുന്നു. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് കരിയറില്‍ പ്രതിസന്ധി നേരിടുന്ന സൂര്യ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ ഒരുക്കുന്നതും ഒരു മലയാളി സംവിധായകന്‍ തന്നെ. ആവേശവും രോമാഞ്ചവും ഒരുക്കിയ ജിത്തു മാധവനാണ് സൂര്യ 47 എന്ന് വര്‍ക്കിംഗ് ടൈറ്റില്‍ ഉള്ള ചിത്രം ഒരുക്കുന്നത്. ഒപ്പം മലയാളം ടീമും അദ്ദേഹത്തിനൊപ്പമുണ്ട്. നസ്ലെനും നസ്രിയയും ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുഷിന്‍ ശ്യാമിന്‍റെ മലയാളം അരങ്ങേറ്റം കൂടിയായിരിക്കും ഈ ചിത്രം.

വന്‍കിട ബാനറുകള്‍

നിര്‍മ്മാണ മേഖലയിലേക്കും മറുഭാഷാ ബാനറുകള്‍ കാര്യമായി കടന്നുവരുന്നതിന്‍റെ കാഴ്ചകളും ഇപ്പോള്‍ കാണുന്നുണ്ട്. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ഒപ്പം സര്‍വ്വം മായയുടെ വിജയ തിളക്കത്തില്‍ നില്‍ക്കുന്ന നിവിന്‍ പോളിയുമായി 100 കോടിയുടെ ഒരു മള്‍ട്ടി ഫിലിം ഡീലും അവര്‍ ഒപ്പ് വച്ചിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ഡീല്‍. ഒപ്പം തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തവും പനോരമ സ്റ്റുഡിയോസ് പ്രഖ്യാപിച്ചിട്ടുണ്ട്.

‘തലൈവര്‍ തമ്പി തലൈമയില്‍’ തിയറ്റര്‍ വിസിറ്റിനിടെ നായകന്‍ ജീവയോടൊപ്പം സംവിധായകന്‍ നിതീഷ് സഹദേവ്

ജനനായകന്റെയും ടോക്സിക്കിന്റെയും നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് മഞ്ഞുമ്മല്‍ ബോയ്സിലൂടെ തരംഗം തീര്‍ത്ത സംവിധായകന്‍ ചിദംബരത്തിന്‍റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ബാലന്‍ എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസിന്‍റെ നിര്‍മ്മാണത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ടൈസണ്‍ എന്ന ചിത്രവും വരാനുണ്ട്.

മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് കുറഞ്ഞ മുതല്‍മുടക്കില്‍ മികച്ച ബിസിനസ് എന്നത് ഇന്ത്യയിലെ വന്‍കിട ബാനറുകളെ മലയാളത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. ഒപ്പം മികച്ച പ്രോഡക്റ്റുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള മോളിവുഡ് അണിയറ പ്രവര്‍ത്തകരുടെ കഴിവില്‍ അവര്‍ക്ക് അതിരറ്റ വിശ്വാസവുമുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത വളര്‍ച്ചയ്ക്കാണ് വരും വര്‍ഷങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് എന്നത് ഉറപ്പാണ്.

Asianet News Live | School Kalolsavam | Rahul Mamkootathil | Malayalam Live News l Kerala news