ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹ്രസ്വചിത്രമായ 'ഐല്‍ ഓഫ് ദി ഗോള്‍ഡന്‍ സ്വാന്‍' ന്യൂസിലൻഡ് ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു
ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹ്രസ്വ ചിത്രമായ ഐല്‍ ഓഫ് ദി ഗോള്‍ഡന്‍ സ്വാന്‍ (Isle of the Golden Swan) ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ന്യൂസിലന്‍ഡ് 2026 ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേൾഡ് പ്രീമിയറും ഫെസ്റ്റിവലിൽ നടക്കും. പ്രകാശ് രാജ്, കാവ്യ രാമചന്ദ്രൻ, അർജുൻ രാധാകൃഷ്ണൻ, സഞ്ജീത ഭട്ടാചാര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ സരിൻ ഷിഹാബ് അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു. വിനോദ കൈലാസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവ്വഹിക്കുന്നു.
എഡിറ്റർ മഹേഷ് ഭുവനേന്ദ്, സംഗീതം ബേസിൽ സി ജെ, സൗണ്ട് ഡിസൈനർ രംഗനാഥ് രവി. ആനന്ദ് ഏകർഷിയുടെ ആദ്യ ഫീച്ചർ ചിത്രമായ ആട്ടം മികച്ച ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലായി മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിരുന്നു. കൂടാതെ 54-ാമത് ഗോവ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായും ആട്ടം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ തിരഞ്ഞെടുപ്പിലൂടെ അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പാണ് ഐല്‍ ഓഫ് ദി ഗോള്‍ഡന്‍ സ്വാന്‍ നടത്തുന്നത്.
