‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ,’ എന്നാണ് ചിരഞ്ജീവിയുടെ വിയോഗശേഷം പങ്കുവച്ച കുറിപ്പിൽ മേഘ്ന കുറിച്ചിരുന്നത്. 

മേഘ്ന രാജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത വളരെയധികം സന്തോഷത്തോടെ വരവേൽക്കുകയാണ് ആരാധകരും സുഹ‍ൃത്തുക്കളും. മേഘ്നയ്ക്ക് ആശംസകൾ നേർന്ന് കൊണ്ട് നടിമാരായ അനന്യയും നസ്രിയയും പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

“ജൂനിയർ ചിരു, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിക്കുന്നത്. “ബോയ് ബേബി“ എന്നാണ് അനന്യ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. ചിരഞ്ജീവി സർജയുടെ ചിത്രത്തിന് സമീപം കുഞ്ഞിനെ വച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു ഇരുവരുടെയും പോസ്റ്റ്. 

View post on Instagram
View post on Instagram

ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മേഘ്നാ രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ചിരഞ്ജീവിയുടെ അനിയനും നടനുമായ ധ്രുവ് സ‍ർജ ഏറ്റുവാങ്ങിയതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മേഘ്ന ഗർഭിണിയായി അധികം വൈകും മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മരണപ്പെടുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരിക്കേണ്ട സമയത്ത് ഭർത്താവിനെ നഷ്ടപ്പെട്ട മേഘ്നയ്ക്ക് ഒപ്പം കുടുംബവും സുഹൃത്തുകളും ആരാധകരും വലിയ പിന്തുണയാണ് നൽകിയത്. 

സഹോദരൻ്റെ കുഞ്ഞിനായി ധ്രുവ് സർജ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി കൊണ്ട് നിർമ്മിച്ച തൊട്ടിൽ വാങ്ങിയതും വലിയ വാർത്തയായിരുന്നു. ‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ,’ എന്നാണ് ചിരഞ്ജീവിയുടെ വിയോഗശേഷം പങ്കുവച്ച കുറിപ്പിൽ മേഘ്ന കുറിച്ചിരുന്നത്.